‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി…’: വീണയുടെ ‘റെഡ് ബുക്ക്’ തെളിവുകളും ഹവാല ഇടപാടുകളും പുറത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹവാല ഇടപാടുകളിലൂടെ ദുബായിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അയച്ച കത്തിലാണ് ഇ.ഡി നിർണായക തെളിവുകൾ കൈമാറിയത്. റെയ്ഡിൽ വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണമിടപാട് കണക്കുകളുമാണ് പ്രധാന തെളിവായി ഇ.ഡി സമർപ്പിച്ചിരിക്കുന്നത്.

ഹവാല ഇടപാടുകളും ‘റെഡ് ബുക്ക്’ തെളിവുകളും

തിരുവനന്തപുരം ബേക്കറി ജംക്‌ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27-ന് നടത്തിയ റെയ്ഡിലാണ് ‘റെഡ് ബുക്ക്’ പിടിച്ചെടുത്തത്. ഇതിന്റെ മൂന്നാം പേജിൽ ദുബായിലുള്ള വി.പി. ഫൈജാസിന് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം, ഫൈജാസിനു ലഭിച്ചത് 349K (AED)’ എന്നാണ് കുറിച്ചിരിക്കുന്നത്. അന്നത്തെ വിനിമയ നിരക്കിൽ 79.60 ലക്ഷം രൂപ വരുന്ന 3,49,000 യുഎഇ ദിർഹം ഫൈജാസ് കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന ഈ കുറിപ്പ് വലിയ തോതിലുള്ള ഹവാല ഇടപാടുകളെയാണ് സൂചിപ്പിക്കുന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ഫൈജാസിനെ 10 വർഷമായി പരിചയമുണ്ടെന്ന് വീണ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

റിയാസിന്റെ പങ്കും കോടികളുടെ കണക്കുകളും

റിയാസിന്റെ പൂർണ അറിവോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴിയാണ് 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ ഹവാല ഇടപാടുകൾ നടന്നതെന്ന് ഇ.ഡി കത്തിൽ ആരോപിക്കുന്നു. 2024-ൽ വീണയ്ക്ക് സ്വന്തമായി വരുമാനമില്ലാതിരുന്നതിനാൽ ഡയറിയിൽ രേഖപ്പെടുത്തിയത് റിയാസുമായി ബന്ധപ്പെട്ട പണമാണെന്നാണ് കണ്ടെത്തൽ. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ (3 കോടി), വാരിസ് (1.2 കോടി), ഷൈജൽ (4 കോടി) എന്നിവരിൽ നിന്നുള്ള 8.2 കോടി രൂപയുടെ ഫണ്ടിനെക്കുറിച്ചും, അതിനു വലതുവശത്തായി രേഖപ്പെടുത്തിയ 20.05 കോടിയെക്കുറിച്ചുമുള്ള കുറിപ്പുകൾ സ്വന്തം കയ്യക്ഷരത്തിലാണെന്ന് വീണ സമ്മതിച്ചിട്ടുണ്ട്. റിയാസിനു വേണ്ടിയുള്ള പണമിടപാടുകളും വിദേശത്തേക്ക് പണം അയക്കാനുള്ള നിർദേശങ്ങളും കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങളാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

ദുബായിലെ ബെനാമി കമ്പനിയും സന്ദർശനങ്ങളും

2024-ൽ ജനുവരി 29, മേയ് 3, ജൂലൈ 2, നവംബർ 28 എന്നീ തീയതികളിൽ വീണ നടത്തിയ നാല് ദുബായ് യാത്രകൾ അവിടെ ബെനാമി കമ്പനി സ്ഥാപിക്കാനായിരുന്നുവെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് സ്വരൂപിച്ച അനധികൃത പണം നിക്ഷേപിക്കാനാണ് ദുബായിൽ കമ്പനി തുടങ്ങിയതെന്നും, ഇതിനായി വീണ സജീവമായി ഇടപെട്ടിരുന്നതായും ഫോൺ രേഖകളിൽ നിന്നും പിടിച്ചെടുത്ത മറ്റു ഡിജിറ്റൽ തെളിവുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പിണറായി വിജയൻ, വീണ, റിയാസ് അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് ഇ.ഡി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts