സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി ഗ്രാമങ്ങളിലും ലഭ്യമാകും

ബെംഗളൂരു: സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC) എന്നിവിടങ്ങളിൽ നേരിടുന്ന രൂക്ഷമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. താലൂക്ക് തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകൾ ദത്തെടുക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. ഇതിനായി വിവിധ മെഡിക്കൽ കോളേജുകളുമായി കരാറുകൾ ഒപ്പുവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

പദ്ധതി പ്രകാരം ഓരോ മെഡിക്കൽ കോളേജും ഒരു താലൂക്ക് ആശുപത്രി, ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ വീതം ദത്തെടുക്കും. ഇതിലൂടെ ജില്ലാ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ അമിത ഭാരം കുറയ്ക്കാനും ഗ്രാമീണ മേഖലയിലുള്ളവർക്ക് സ്വന്തം പ്രദേശത്തുതന്നെ മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കും.

സ്പെഷ്യലിസ്റ്റ് ചികിത്സ ഗ്രാമീണ മേഖലകളിലേക്ക്

പുതിയ ഘടന പ്രാബല്യത്തിൽ വരുന്നതോടെ ഗൈനക്കോളജിസ്റ്റുകൾ, അനസ്തേഷ്യോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, ഓർത്തോപീഡിക് വിദഗ്ധർ തുടങ്ങിയ പ്രമുഖ സ്പെഷ്യലിസ്റ്റുകളുടെ സേവനം താലൂക്ക് തലങ്ങളിൽ തന്നെ സാധാരണക്കാർക്ക് ലഭ്യമാകും. അടിയന്തര ശസ്ത്രക്രിയകൾ, പ്രസവചികിത്സ, അടിയന്തര വൈദ്യസഹായം, ശിശുരോഗ ചികിത്സ എന്നിവ ഈ കേന്ദ്രങ്ങളിൽ കൂടുതൽ ശക്തമാക്കും. രോഗികൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണുന്നതിനായി മുൻകൂട്ടി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സംവിധാനവും സജ്ജീകരിക്കും.

അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ മറ്റ് വിദഗ്ധ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി 108 ഉൾപ്പെടെയുള്ള ആംബുലൻസ് അധിഷ്ഠിത റഫറൽ സംവിധാനവും ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ടെലി-മെഡിസിൻ, ഡിജിറ്റൽ കൺസൾട്ടേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കും.

പ്രതിമാസ മേൽനോട്ടവും മികച്ച പരിശീലനവും

ദത്തെടുക്കുന്ന ഓരോ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കൃത്യമായ പ്രതിമാസ ഷെഡ്യൂൾ തയ്യാറാക്കും. കേന്ദ്രങ്ങളുടെ പ്രവർത്തനം, ജീവനക്കാരുടെ ഹാജർനില, ചികിത്സയുടെ ഗുണനിലവാരം എന്നിവ പ്രതിമാസം കൃത്യമായി വിലയിരുത്താനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനമുണ്ടാകും.

മെഡിക്കൽ വിദ്യാർത്ഥികൾ, ഇന്റേണുകൾ, പി.ജി വിദ്യാർത്ഥികൾ എന്നിവർക്ക് ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളിൽ നേരിട്ട് പ്രായോഗിക പരിശീലനം ലഭിക്കാൻ ഈ പദ്ധതി അവസരമൊരുക്കും. ഒപ്പം ഗ്രാമീണ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും വിവരശേഖരണത്തിനും (ഡോക്യുമെന്റേഷൻ) ഇത് ഏറെ സഹായകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts