ബെഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.
കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.
2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു. മഹാരാഷ്ട്ര ഗവർണർ(2004-2008) കർണാടക മുൻ മുഖ്യമന്ത്രി(1999-2004) മൂന്നു തവണ ലോക്സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിൽ എസ്.സി.മല്ലയ്യയുടെയും തായമ്മയുടേയും മകനായി ഒരു വൊക്കലിംഗ കുടുംബത്തിൽ 1932 മെയ് ഒന്നിനാണ് ജനനം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൈസൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. അമേരിക്കയിലായിരുന്നു ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
1962-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം.
1967-ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1968-ൽ മണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ-തെരഞ്ഞെടുപ്പിൽ പിഎസ്പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗമായി.1971ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
2017 ജനുവരി 30ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവച്ചു കോൺഗ്രസ് വിട്ടു. 2017 മുതൽ ബിജെപി അനുഭാവിയായി തുടർന്ന കൃഷ്ണ 2017 മാർച്ച് 22ന് ബിജെപിയിൽ ചേർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.