നാഗസന്ദ്ര – മാടവര റൂട്ടിൽ മെട്രോ സർവീസ് വൈകുന്നത്തിന്റെ കാരണം ??

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളിൽ നിർണായകമാണ് നമ്മ മെട്രോ (ബെംഗളൂരു മെട്രോ). ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ സർവീസിനെ ആശ്രയിക്കുന്നത്.

നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ വിപുലീകരണത്തിൻ്റെ ഭാഗമായ നാഗസന്ദ്ര – മാടവരയുള്ള 3.14 കിലോമീറ്റർ പാതയിൽ എന്നുമുതൽ മെട്രോ ഓടിത്തുടങ്ങുമെന്ന ചോദ്യമാണ് യാത്രക്കാരിൽ നിന്നും ഉയരുന്നത്.

പാതയുടെ വാണിജ്യ പ്രവർത്തനത്തിന് സതേൺ സർക്കിൾ കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (സിഎംആർഎസ്) ഒക്ടോബർ നാലിന് അനുമതി നൽകിയിരുന്നു. എന്നാൽ എന്നുമുതൽ മെട്രോ സർവീസ് ആരംഭിക്കുമെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

298.65 കോടി ചെലവഴിച്ചാണ് ബിഎംആർസിഎൽ ഗ്രീൻ ലൈൻ വിപുലീകരണം പൂർത്തിയാക്കിയത്. ഏറെ തിരക്കുള്ള തുംകുരു റോഡിൽ നാഗസന്ദ്രയ്ക്കും മാടവരയ്ക്കും ഇടയിലായാണ് 3.14 കിലോമീറ്റർ ദൂരത്തിൽ ബിഎംആർസിഎൽ പുതിയ പാത നിർമിച്ചിരിക്കുന്നത്. ഈ പാത തുറന്ന് നൽകുന്നതോടെ 76 കിലോമീറ്ററായി ബെംഗളൂരു മെട്രോ ശൃംഖല വികസിക്കും.

വടക്കുപടിഞ്ഞാറ് നാഗസാന്ദ്രയെ തെക്ക് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധിപ്പിക്കുന്ന ഗ്രീൻ ലൈൻ പാതയ്ക്ക് 30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്ന് കിലോമീറ്ററിലധികമുള്ള പുതിയ പാതയിൽ മൂന്ന് എലവേറ്റഡ് സ്റ്റേഷനുകളുണ്ട്. മഞ്ജുനാഥനഗർ, ചിക്കബിദാരക്കല്ല് (ജിൻഡാൽ), മടവര (BIEC) എന്നിവടങ്ങളിലായിട്ടാണ് എലവേറ്റഡ് സ്റ്റേഷനുകൾ. 29 സ്റ്റേഷനുകൾ പാതയിലുണ്ട്.

നിയമാനുസൃത പരിശോധനയ്ക്ക് ശേഷം ഒക്ടോബർ നാലിന് സിഎംആർഎസ് നാഗസന്ദ്ര – മടവര പാതയ്ക്ക് അംഗീകാരം നൽകിയെങ്കിലും ഉദ്ഘാടന ചടങ്ങുകൾ സംബന്ധിച്ച ആശയക്കുഴപ്പമാണ് പാത തുറന്ന് നൽകുന്നത് വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്.

ഉദ്ഘാടനം എങ്ങനെ വേണമെന്ന് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. ഇതിനാൽ കേന്ദ്ര സർക്കാരിൻ്റെ തീരുമാനമറിഞ്ഞ ശേഷമാകും ബിഎംആർസിഎൽ തീരുമാനമെടുക്കുക. പാത തുറന്ന് നൽകാത്തതിൽ സമൂഹമാധ്യമങ്ങളിലടക്കം എതിർപ്പ് ശക്തമായി തുടരുകയാണ്.

കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ ഗതാഗതം താറുമാറായതോടെയാണ് നാഗസന്ദ്ര – മാടവര റൂട്ടിൽ നമ്മ മെട്രോ സർവീസ് നടത്താൻ വൈകുന്നതിൽ ആശങ്കയും പരാതിയും വ്യാപകമായത്. സിഎംആർഎസ് അനുമതി ലഭിച്ച സാഹചര്യത്തിൽ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സംസ്ഥാന നഗരവികസന വകുപ്പിന് കത്തെഴുതിയതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us