കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് ഇഷ്ഫാഖ് അഹമ്മദ്. സമ്മര്‍ സീസണില്‍ കരാര്‍ പൂര്‍ത്തിയായതോടെയാണ് മഞ്ഞപ്പടയും ഇഷ്ഫാഖും തമ്മിലുള്ള ബന്ധം അവസാനിക്കുന്നത്. ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് ക്ലബ് നന്ദി അറിയിച്ചു.
സൂപ്പര്‍കപ്പില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെയാണ് ഇഷ്ഫാഖും ടീം വിടുന്നത്. ശ്രീനിധി ഡെക്കാനോടേറ്റ കനത്ത തിരിച്ചടിയാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടൊപ്പം ഐഎസ്എല്ലില്‍ ക്ലബ്ബ് നേരിടേണ്ടി വന്ന അച്ചടക്ക നടപടിയും ടീമിന് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരാര്‍ പുതുക്കാതെ ബ്ലാസ്്‌റ്റേഴ്‌സും ഇഷ്ഫാഖ് അഹമ്മദും വഴിപിരിയുന്നത്. ശ്രീനഗറില്‍ നിന്നും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മൂന്ന് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ബുട്ടണിഞ്ഞിട്ടുണ്ട് ഇഷ്ഫാഖ്. 2015 മുതല്‍ അദ്ദേഹം പ്ലെയര്‍ കം അസിസ്റ്റന്റ് കോച്ചായി ടീമിനൊപ്പം ചേര്‍ന്നു. മൂന്ന് തവണ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും ഇഷ്ഫാഖ് ടീമിന്റെ ഭാഗമായിരുന്നു. ആദ്യ രണ്ട് ഫൈനലില്‍ കളിക്കാരനായിറങ്ങിയപ്പോള്‍ മൂന്നാം ഫൈനലില്‍ പരിശീലകന്റെ റോളിലായിരുന്നു. നേരത്തേ തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ 2021ല്‍ കിബു വികൂനയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയപ്പോള്‍ ഇഷ്ഫാഖ് ടീമിന്റെ താല്‍ക്കാലിക പരിശീലകനായും ചുമതലയേറ്റെടുത്തു.
സ്റ്റീവ് കോപ്പല്‍, റെനെ മ്യൂള്‍സ്റ്റീന്‍, ഡേവിഡ് ജെയിംസ്, എല്‍കോ ഷട്ടോരി, കിബു വികൂന, ഇവാന്‍ വുകോമനോവിച്ച് ഉള്‍പ്പെടെ പത്ത് പരിശീലകര്‍ക്കൊപ്പം ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്എല്ലില്‍ ബാംഗ്ലൂര്‍ എഫ്‌സിക്കെതിരായ മത്സരത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഇഷ്ഫാഖ് പകരക്കാരനായെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബെല്‍ജിയംകാരന്‍ ഫ്രാങ്ക് ഡോവനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ചുമതലയേല്‍പിച്ചത്. ആദ്യം ഒരു കളിക്കാരന്‍ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിര്‍ത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നതായും സ്‌കിന്‍കിസ് അറിയിച്ചു. അതേസമയം പുതിയ അസിസ്റ്റന്റ് കോച്ചിനെ നിയമിക്കുന്നത് സംബന്ധിച്ച തുടര്‍പ്രഖ്യാപനംഉടനുണ്ടായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.