ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിൽ സ്ത്രീകൾക്ക് മാത്രമുള്ള വാതിലുകൾ ഇന്ന് നിലവിൽ വരും. എൻജിൻ ക്യാബിനോടു ചേർന്നുള്ള കോച്ചിലെ ആദ്യത്തെ രണ്ട് വാതിലുകളാണ് സ്ത്രീകൾക്കായി മാറ്റിവച്ചിട്ടുള്ളത്. ഇതിനായി, തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്ഫോമിലെ ആദ്യത്തെ രണ്ട് ലൈനുകളിൽ സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ . രാവിലെ ഒൻപത് മുതൽ 11.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ് സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിട്ടുള്ളത്. മറ്റുള്ള വാതിലുകളിലൂടെ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശിക്കുന്നതിന് തടസ്സമില്ല.
പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണമെന്ന് ബിഎംആർസിഎൽ എംഡി: മഹേന്ദ്ര ജെയിൻ പറഞ്ഞു. അടുത്ത മാസം ഒന്നിന് നടപ്പാക്കാനിരുന്ന പരിഷ്കാരം നേരത്തയാക്കുകയാണ്. ട്രെയിനിനുള്ളിൽ സ്ത്രീകൾക്ക് മാത്രമായി ഇരിപ്പിടമുണ്ടാകില്ല. പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിയുള്ളവർക്കും സംവരണം അനുവദിച്ചിട്ടുള്ളത് തുടരും. ആറു കോച്ചുള്ള മെട്രോ ട്രെയിൻ ഓടിത്തുടങ്ങിയാൽ അതിൽ ഒരു കോച്ച് സ്ത്രീകൾക്ക് മാത്രമായി അനുവദിക്കുമെന്നും എംഡി പറഞ്ഞു. ആറു കോച്ചുകളുള്ള ആദ്യ ട്രെയിൻ മാർച്ച് അവസാനം സർവീസ് ആരംഭിക്കും.