ബെംഗളൂരു: ചെലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായി ആഗോളതലത്തിൽ 1000 ജീവനക്കാരെക്കൂടി പിരിച്ചുവിട്ട് ഇ-കോമേഴ്സ് ഭീമന്മാരായ ആമസോൺ. പ്രൈം ബിഗ് ഡീൽ ഡേയ്‌സ് വിൽപ്പന തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നടപടി. ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലെ നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്കായി കൂടുതൽ വേഗത്തിൽ നവീകരണങ്ങൾ നടപ്പിലാക്കുന്നതിനാണ് ടീം ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് ആമസോൺ വക്താവ് വിശദീകരിച്ചു. ഇതിന്റെ ഭാഗമായി സ്റ്റോർസ് വിഭാഗത്തിൽ വരുത്തിയ ക്രമീകരണങ്ങളാണ് നിലവിലെ തൊഴിൽ നഷ്ടത്തിന് കാരണമെന്നും ബാധിക്കപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി ആമസോൺ തുടർച്ചയായി ജീവനക്കാരുടെ എണ്ണം കുറച്ചുവരികയാണ്. 2023 ജനുവരിയിൽ 18,000 പേരെയും മാർച്ച് മാസം 9,000 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ വ്യാപനവും ഓർഗനൈസേഷണൽ മാറ്റങ്ങളും മുൻനിർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,000 കോർപ്പറേറ്റ് തസ്തികകളും ഈ വർഷം ജനുവരിയിൽ 16,000 തസ്തികകളും റദ്ദാക്കിയിരുന്നു. നിലവിൽ 1,20,000-ത്തോളം ജീവനക്കാരാണ് ആമസോണിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
അതേസമയം, വരാനിരിക്കുന്ന ഉത്സവ സീസൺ പ്രമാണിച്ച് ഇന്ത്യയിലെ ഇ-കോമേഴ്സ്, ക്വിക് കോമേഴ്സ് ശൃംഖലകളിലായി 1.6 ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കോർപ്പറേറ്റ് തസ്തികകൾ വെട്ടിച്ചുരുക്കുന്നതിനൊപ്പം operational രംഗത്ത് താത്കാലിക നിയമനങ്ങൾ നടത്തുന്നതും ബിസിനസ് രംഗത്തെ ഘടനാപരമായ മാറ്റത്തിന്റെ ഭാഗമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യയും ഓട്ടോമേഷനും ശക്തിപ്പെടുന്നതോടെ പരമ്പരാഗത തസ്തികകളുടെ ആവശ്യകത കുറയുകയും എ.ഐ, ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ കൂടുകയും ചെയ്യുന്ന പ്രവണതയാണ് നിലവിലുള്ളതെന്നും വിലയിരുത്തപ്പെടുന്നു.
