ബെംഗളൂരു: ദക്ഷിണ ബംഗളൂരുവിലെ അതിബെലെയിൽ നിയന്ത്രണം വിട്ട അതിവേഗ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം. ബുധനാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ പമ്പിലെ ജീവനക്കാരനായ ഗുഡ്ഡു കുമാറിന് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന സഞ്ജയ് എന്നയാളെ അതിബെലെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഞ്ജയ് ഓടിച്ചിരുന്ന ആഡംബര കാർ നിയന്ത്രണം വിട്ട് പമ്പിലേക്ക് പാഞ്ഞുകയറി ആദ്യം ജീവനക്കാരനായ ഗുഡ്ഡു കുമാറിനെ ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് ഫ്യുവൽ ഡിസ്പെൻസിങ് യൂണിറ്റിലേക്ക് (ഇന്ധനം നിറയ്ക്കുന്ന മെഷീൻ) ഇടിച്ചുകയറുകയുമായിരുന്നു. കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന് തീപിടിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി തീ പൂർണമായി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കാറിന് തീപിടിച്ചതോടെ ഡ്രൈവർ സഞ്ജയും കൂടെയുണ്ടായിരുന്ന യുവതിയും വാഹനത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങി രക്ഷപ്പെട്ടു. പരുക്കേറ്റ ഗുഡ്ഡു കുമാറിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
സഞ്ജയ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അതിബെലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
