ഈ മാസം അവസാനത്തോടെ നമ്മ മെട്രോയുടെ സർപ്രൈസ്! ബെംഗളൂരു യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; പോരാട്ടത്തിൽ വീണത് ഏത് പ്രമുഖ നഗരം?

ബെംഗളൂരു: മെട്രോ ശൃംഖലയുടെ ദൈർഘ്യം 100 കിലോമീറ്റർ തികയ്ക്കുന്ന അപൂർവം ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളൂരുവും കടക്കുന്നു. നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ കലേന അഗ്രഹാരയ്ക്കും തവരെക്കെരയ്ക്കും ഇടയിലുള്ള 7.8 കിലോമീറ്റർ വരുന്ന എലിവേറ്റഡ് പാതയുടെ അന്തിമ സുരക്ഷാ പരിശോധനകൾ ഒക്ടോബർ 6 മുതൽ 8 വരെ നടക്കും. സൗത്തേൺ സോൺ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി വി. വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സുരക്ഷാ സമിതി നിർദേശിക്കുന്ന മാറ്റങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അടുത്ത ഒരു ആഴ്ചയ്ക്കുള്ളിൽ സർവീസ് നടത്താനുള്ള അന്തിമ അനുമതി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) ലഭിക്കും. ഈ മാസം അവസാനത്തോടെ പുതിയ പാത യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

നിലവിൽ പേർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിലായി 96.10 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ, പുതിയ എലിവേറ്റഡ് പാത കൂടി പൂർത്തിയാകുന്നതോടെ 103.6 കിലോമീറ്ററായി വികസിക്കും. ഇതോടെ 101.3 കിലോമീറ്റർ മെട്രോ ശൃംഖലയുള്ള മുംബൈയെ മറികടന്ന് ഡൽഹിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശൃംഖലയായി ബെംഗളൂരു മാറും. കൂടാതെ 100 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ശൃംഖലയുള്ള മൂന്നാമത്തെ ഇന്ത്യൻ നഗരമെന്ന നേട്ടവും ബെംഗളൂരു സ്വന്തമാക്കും.

കലേന അഗ്രഹാര, ഹുളിമാവ്, ഹോംഗസന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസന്ദ്ര, തവരെക്കെര എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് പുതിയ എലിവേറ്റഡ് പാതയിലുള്ളത്. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.25 കിലോമീറ്റർ നീളുന്ന മുഴുവൻ പിങ്ക് ലൈനിൽ ആകെ 18 സ്റ്റേഷനുകളാണുള്ളത്. ഇതിൽ ഡെയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.76 കിലോമീറ്റർ ഭൂഗർഭ പാതയിൽ 12 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. വിയാഡക്റ്റ്, സ്റ്റേഷനുകൾ, ട്രാക്കുകൾ, സിഗ്നലിംഗ് സംവിധാനം, ഓപ്പറേഷൻസ് കൺട്രോൾ സെന്റർ എന്നിവയാണ് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. പിങ്ക് ലൈനിലേക്കായി ഡ്രൈവറില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ള 10 ട്രെയിനുകൾ ബി.ഇ.എം.എൽ (BEML) ഇതിനകം നൽകിയിട്ടുണ്ട്. ഇതിൽ 6 ട്രെയിനുകളാണ് ഈ പാതയിൽ സർവീസിന് ഉപയോഗിക്കുക. തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് ഇടവേളയിലും അല്ലാത്തപ്പോൾ 9 മുതൽ 10 മിനിറ്റ് വരെയുള്ള ഇടവേളകളിലും ട്രെയിനുകൾ സർവീസ് നടത്തും.

ഭൂഗർഭ പാതയുടെ നിർമാണം പൂർത്തിയാക്കാൻ 2027 മാർച്ച് ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇത് ജൂൺ വരെ നീളാൻ സാധ്യതയുണ്ട്. എം.ജി റോഡിനും ശിവാജിനഗറിനും ഇടയിലുള്ള ഭൂഗർഭ പാതയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യ ട്രയൽ റൺ നടന്നേക്കും. ചൈനയിൽ നിന്നുള്ള പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകളുടെ വരവ് വൈകുന്നത് സിഗ്നലിംഗ് സംവിധാനത്തെ ബാധിച്ചിട്ടുണ്ട്. നമ്മ മെട്രോയിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ ഘടിപ്പിക്കുന്ന ആദ്യ ഇടനാഴിയാണ് പിങ്ക് ലൈൻ.

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായ ജയദേവ ഇന്റർചേഞ്ച് സ്റ്റേഷൻ, ബെംഗളൂരുവിന്റെ മൂന്നാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി മാറും. യെല്ലോ ലൈനെയും പിങ്ക് ലൈനെയും ബന്ധിപ്പിക്കുന്ന ഇത് ബന്നാർഘട്ട റോഡിനെ നഗരത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായകമാകും. മുൻപ് പലതവണ തീയതികൾ മാറ്റി നിശ്ചയിച്ച ഈ പാത അന്തിമ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഒക്ടോബറോടെ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts