ബെംഗളൂരു: ബെംഗളൂരു പ്രാന്തപ്രദേശത്ത് രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കാനും തടയാനും ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അതിക്രമത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി ദൊഡ്ഡബല്ലാപ്പൂർ പാലനജോഗിഹള്ളിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പാലനജോഗിഹള്ളിയിൽ ഹരഹൻ സരിഹൻ, ബഷീർ എന്ന ഗിഡ്ഡ എന്നിവർ തമ്മിൽ വലിയ രീതിയിൽ വഴക്കും കൈയങ്കളിയും നടക്കുന്നതായി 112 എമർജൻസി നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് ഉദ്യോഗസ്ഥരായ രായപ്പ, മണികണ്ഠ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തർക്കം പരിഹരിക്കാനും ഇവരെ കസ്റ്റഡിയിലെടുക്കാനും ശ്രമിച്ച പോലീസുകാരെ പ്രതികൾ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിസ്സാര പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ രണ്ടു പ്രതികളെയും ദൊഡ്ഡബല്ലാപ്പൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
