ബെംഗളൂരുവിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, വൻ ഗതാഗതക്കുരുക്ക്; ഈ പാതയിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴയിൽ നഗരജീവിതം സ്തംഭിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വൈകുന്നേരത്തെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിലിടേണ്ടി വന്നു. പല പ്രദേശങ്ങളിലും വെളളക്കെട്ട് നീങ്ങിയിട്ടില്ല

ശിവാനന്ദ സർക്കിൾ അടിപ്പാത വീണ്ടും വെള്ളത്തിനടിയിൽ

നഗരത്തിലെ പ്രധാന പാതയായ ശിവാനന്ദ സർക്കിൾ റെയിൽവേ അടിപ്പാതയിലാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. മഴ പെയ്യുമ്പോഴെല്ലാം ഈ അടിപ്പാത വെള്ളത്തിനടിയിലാകുന്നത് പതിവാണെന്നും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ വലഞ്ഞത്. വെള്ളത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിച്ചു.

പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞു

ഹെന്നൂർ റോഡ്, കാർത്തിക് നഗർ, ഹെബ്ബാൾ ഫ്ലൈഓവർ, കസ്തൂരി നഗർ, വിൻഡ്‌സർ മനോർ ബ്രിഡ്ജ്, വഡ്ഡരഹള്ളി തുടങ്ങി നിരവധി പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ഗതാഗതം സങ്കീർണ്ണമായി. ഇതിനുപുറമേ ഓപ്പറ ജംഗ്ഷൻ, കൊരമംഗല ഇന്നർ റിംഗ് റോഡ്, ഫൂഡി അടിപ്പാത, ദൊഡ്ഡനെക്കുന്ദി, ഐ.ടി.പി.എൽ മെയിൻ റോഡ്, സിർസി സർക്കിൾ ഫ്ലൈഓവർ, കെ.ആർ പുരം ജംഗ്ഷൻ എന്നിവിടങ്ങളിലും കനത്ത വെള്ളക്കെട്ടും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തു.

തെക്കൻ ബംഗളൂരുവിൽ വൻ ഇടിമിന്നൽ; പരക്കെ മഴ

അർദ്ധരാത്രിയോടെ തെക്കൻ ബംഗളൂരുവിൽ വൻ ശബ്ദത്തോടെയുള്ള ഇടിമിന്നലാണ് അനുഭവപ്പെട്ടത്. വലിയ രീതിയിലുള്ള വൈദ്യുത പ്രവാഹത്തിന്റെ ശബ്ദത്തിന് സമാനമായ ഇടിയാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറ്റ് കൂടാതെയുള്ള മഴ പലയിടങ്ങളിലും രാത്രി വൈകിയും തുടർന്നു.

മഴ വരുംദിവസങ്ങളിലും തുടരും

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ബെംഗളൂരു സിറ്റി ഒബ്‌സർവേറ്ററിയിൽ 22.2 മില്ലീമീറ്ററും ജികെവികെയിൽ (GKVK) 62.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ദക്ഷിണ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമായി തുടരുകയാണെന്നും നഗരത്തിൽ വരും ദിവസങ്ങളിലും നേരിയ മഴയോട് കൂടിയ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts