ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുകാരുടെ പുനരധിവാസവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് കർണാടക ജയിൽ വകുപ്പ് പുതിയ ബേക്കറി യൂണിറ്റും ‘ബേക്കറി ഓൺ വീൽസ്’ സേവനവും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജയിൽ ഡിജിപി അലോക് കുമാർ നിർവ്വഹിച്ചു. ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. പരിശീലനം പൂർത്തിയാക്കിയ തടവുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
തടവുകാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ജയിൽ മോചിതരാകുമ്പോൾ അവർക്ക് സ്വയംപര്യാപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുക കൂടിയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘ബേക്കറി ഓൺ വീൽസ്’ വഴി ബെംഗളൂരുവിലെ വിവിധ കോടതി പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും തടവുകാർ തയ്യാറാക്കുന്ന ബേക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പനയ്ക്കെത്തിക്കും. നേരത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മണിക് ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾക്ക് തടവുകാർ നിർമ്മിച്ച ലഘുഭക്ഷണങ്ങൾ വിളമ്പിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
പുതിയ സങ്കല്പ ബേക്കറിയെക്കുറിച്ച് ജയിൽ ഡിജിപി അലോക് കുമാർ സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവെച്ചു. പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകിയ എച്ച്.സി.എൽ ഇ-ഹാറ്റിന് (HCL e-Haat) നന്ദി അറിയിച്ച അദ്ദേഹം, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഐ.പി.എസ് ഓഫീസർ അനുഷ് കുമാറിനെയും ബാംഗ്ലൂർ സെൻട്രൽ ജയിൽ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. നൈപുണ്യ വികസന രംഗത്ത് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
