ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) നിന്ന് പുറപ്പെടുന്ന ആഭ്യന്തര വിമാനങ്ങളുടെ കൃത്യസമയ പാലനത്തിൽ (OTP) റെക്കോർഡ് വർധനവ്. ഈ വർഷം ആദ്യമായി പുറപ്പെടൽ കൃത്യത 90 ശതമാനത്തിന് മുകളിലെത്തി. ജൂലൈ മാസത്തിലെ റിപ്പോർട്ട് പ്രകാരം 93 ശതമാനമാണ് വിമാനത്താവളത്തിന്റെ കൃത്യതാനിരക്ക്. മേയ് മാസത്തിലിത് 89 ശതമാനമായിരുന്നു.
താരമായി എയർ ഇന്ത്യ, ഏറെ പിന്നിലായി സ്പൈസ് ജെറ്റ്
കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആഭ്യന്തര വിമാനക്കമ്പനികളിൽ എയർ ഇന്ത്യയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ജൂണിൽ 97 ശതമാനവും ജൂലൈയിൽ 96 ശതമാനവുമായിരുന്നു എയർ ഇന്ത്യയുടെ കൃത്യതാനിരക്ക്. എന്നാൽ ഏറ്റവും കുറഞ്ഞ പ്രകടനവുമായി സ്പൈസ് ജെറ്റ് പട്ടികയിൽ ഏറെ പിന്നിലായി. ജൂലൈയിൽ വെറും 41 ശതമാനം കൃത്യത മാത്രമാണ് സ്പൈസ് ജെറ്റിന് കൈവരിക്കാനായത്. മേയ് (16%), ജൂൺ (18%) മാസങ്ങളിൽ ഇത് ഇതിലും താഴെയായിരുന്നു.
വിമാനങ്ങളുടെ ലാൻഡിംഗിലും (Arrivals) ജൂലൈയിൽ പുരോഗതി രേഖപ്പെടുത്തി. 88 ശതമാനമാണ് ജൂലൈയിലെ ലാൻഡിംഗ് കൃത്യത. ഇതിലും 94 ശതമാനവുമായി എയർ ഇന്ത്യ ഒന്നാമതെത്തിയപ്പോൾ 93 ശതമാനവുമായി ഇൻഡിഗോ തൊട്ടുപിന്നിലുണ്ട്. അതേസമയം, ലാൻഡിംഗിന്റെ കാര്യത്തിൽ വെറും 6 ശതമാനം കൃത്യത മാത്രമാണ് സ്പൈസ് ജെറ്റ് രേഖപ്പെടുത്തിയത്.
പുലർച്ചെ കൃത്യം; അർദ്ധരാത്രിയിൽ വൈകും
വിമാനത്താവളത്തിലെ വിവരങ്ങൾ അനുസരിച്ച് പുലർച്ചെ 3 മണി മുതൽ രാവിലെ 8.59 വരെയുള്ള സമയത്താണ് ഏറ്റവും കുറഞ്ഞ സമയവൈകൽ (2%) രേഖപ്പെടുത്തിയത്. എന്നാൽ രാത്രി 11 മണി മുതൽ പുലർച്ചെ 2.59 വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ വൈകുന്നത്; ഏകദേശം 14 ശതമാനം.
യാത്രക്കാരുടെയും ലഗേജുകളുടെയും പരിശോധനയിലുണ്ടാകുന്ന താമസം, ഓട്ടോമേറ്റഡ് ഉപകരണങ്ങളുടെ തകരാറുകൾ, ജീവനക്കാരുടെ കുറവ് എന്നിവയാണ് രാത്രിയിലെ സമയവൈകലിന് പ്രധാന കാരണമായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ചൂണ്ടിക്കാണിക്കുന്നത്. കണക്റ്റിംഗ് യാത്രക്കാർക്കായും ലഗേജുകൾക്കായും കാത്തിരിക്കേണ്ടി വരുന്നതും വിമാനങ്ങൾ വൈകാൻ ഇടയാക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു വിമാനത്താവളം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]