ഭർത്താവ് മരിച്ചാൽ അമ്മായിയമ്മയെ നോക്കേണ്ടേ? സുപ്രധാന വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ബെംഗളൂരു: ഭർത്താവിന്റെ മരണശേഷം ധനനിശ്ചയ പ്രകാരം (ഗെഫ്റ്റ് ഡീഡ്) കുടുംബസ്വത്ത് കൈവശം വെച്ച് അനുഭവിച്ചുപോരുന്ന മരുമകൾ അമ്മായിയമ്മയെ സംരക്ഷിക്കാൻ നിയമപരമായി ബാധ്യസ്ഥയല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. ആധാരത്തിൽ ഇത്തരം ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടില്ലെങ്കിൽ മരുമകൾക്ക് മേൽ പരിപാലന ചുമതല അടിച്ചേൽപ്പിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

സ്വത്ത് നൽകുന്ന ആധാരത്തിൽ അമ്മായിയമ്മയെ സംരക്ഷിക്കണമെന്ന നിബന്ധന വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ മകന്റെ മരണശേഷവും മരുമകൾക്ക് ആ ബാധ്യത ഉണ്ടാകൂ. കുടുംബസാഹചര്യങ്ങൾ മാറിയെന്ന കാരണത്താൽ ട്രൈബ്യൂണലുകൾക്ക് പിന്നീട് ഇത്തരം വ്യവസ്ഥകൾ സ്വയം ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ ഉത്തരവ്. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്ക് സ്വദേശിനി എസ്. ഷീല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

81 കാരിയായ അമ്മായിയമ്മ ബി.കെ. നഞ്ചമ്മയെ സംരക്ഷിച്ചില്ലെന്നാരോപിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമനിയമ പ്രകാരം ഷീലയ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച ഹാസനിലെ അസിസ്റ്റന്റ് കമ്മീഷണർ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2010-ലാണ് നഞ്ചമ്മ തന്റെ സ്വത്തുക്കൾ മരുമകൾക്ക് സമ്മാനമായി നൽകിക്കൊണ്ട് ആധാരം എഴുതി നൽകിയത്. എന്നാൽ പിന്നീട് ഇത് വഞ്ചനയിലൂടെ തട്ടിയെടുത്തതാണെന്ന് ആരോപിച്ച് നഞ്ചമ്മ സിവിൽ കോടതിയെ സമീപിച്ചെങ്കിലും 2016-ൽ കേസ് തള്ളപ്പെട്ടു. തുടർന്ന്, ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഞ്ചമ്മ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ആരോപണങ്ങളിൽ പരസ്പരവിരുദ്ധത

2022-ൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് സ്വന്തമായി വരുമാനമില്ലാതെ കുട്ടികളെ വളർത്താൻ താൻ പ്രയാസപ്പെടുകയാണെന്ന് ഷീല കോടതിയെ അറിയിച്ചു. കൂടാതെ അമ്മായിയമ്മയ്ക്ക് പ്രതിമാസം 40,000 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെന്നും അവർക്ക് ജീവിക്കാൻ സാമ്പത്തിക ശേഷിയുണ്ടെന്നും ഷീല വ്യക്തമാക്കി. നഞ്ചമ്മയുടെ വാദങ്ങളിൽ പരസ്പരവിരുദ്ധതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിവിൽ കോടതിയിൽ ആധാരം വ്യാജമാണെന്ന് വാദിച്ച നഞ്ചമ്മ, പിന്നീട് അതേ ആധാരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിൽ ആനുകൂല്യങ്ങൾക്കായി ഹർജി നൽകിയത്.

സിവിൽ കോടതി ശരിവെച്ച ഒരു ആധാരം ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നേടിയതാണെന്ന നിഗമനത്തിലെത്താൻ ട്രൈബ്യൂണലിന് കഴിയില്ലെന്ന് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമത്തിലെ വകുപ്പ് 23 പ്രകാരം, ആധാരത്തിലോ നിയമത്തിലോ വ്യക്തമായി പറയാത്ത ഒരു സംരക്ഷണ ബാധ്യത മരുമകൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തീർപ്പാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts