ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിന്റെ ആകാശത്ത് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയ അഭ്യാസപ്രകടനത്തിൽ ത്രസിച്ച് കാണികൾ.
വ്യോമസേനയുടെ എയ്‌റോബാറ്റിക് ടീമായ സൂര്യകിരണിന്റെ ഒമ്പത് പോർവിമാനങ്ങൾ ആകാശത്ത് തീർത്തത് അദ്‌ഭുതവും ആവേശവും ജനിപ്പിക്കുന്ന വർണക്കാഴ്ചകൾ.
ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ ഫൈനൽ ഡ്രസ്സ് റിഹേഴ്‌സലായിരുന്നു വ്യാഴാഴ്ച. വ്യോമസേനയുടെ ഇരട്ട എൻജിൻ പോർവിമാനമായ സുഖോയ് എസ്.യു.-57, ആരാധകരുടെ പ്രിയപ്പെട്ട തേജസ്, എച്ച്.എ.എലിന്റെ ഹെലികോപ്റ്ററുകൾ എന്നിവയും അഭ്യാസപ്രകടനങ്ങളുമായി കാണികൾക്ക് വിസ്മയമൊരുക്കി.
സൂര്യകിരൺ ടീം എത്തിയതോടെ കാഴ്ചകൾ കൂടുതൽ ചടുലമായി. നീലാകാശത്ത് വിവിധ വർണങ്ങളിലുള്ള പുകയുതിർത്ത് പോർവിമാനങ്ങൾ ചിത്രങ്ങൾ രചിച്ചു.
ദേശീയ പതാകയുടെ വർണങ്ങൾ തീർത്തും ഇടയ്ക്ക് സ്നേഹത്തിന്റെ ഹൃദയചിഹ്നം വരച്ചും കാണികളുടെ കൈയടി നേടി. നിരയായി മുകളിലേക്ക് കുതിച്ചും കരണം മറിഞ്ഞും വശങ്ങളിലേക്ക് ഊളിയിട്ടും സൂര്യകിരണിന്റെ പോർവിമാനങ്ങൾ എല്ലാവരേയും ഞെട്ടിച്ചു.
റിഹേഴ്‌സൽ വീക്ഷിക്കാൻ സായുധ സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും സ്കൂൾ വിദ്യാർഥികളും എത്തിയിരുന്നു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്‌റോ ഇന്ത്യ അരങ്ങേറുക.
ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പെയ്‌സ്-ഡിഫൻസ് പ്രദർശനമാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.