ബെംഗളൂരു : ആധുനിക ഗതാഗതക്രമീകരണ സംവിധാനം വന്നതോടെ മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ അപകടമരണങ്ങൾ ഗണ്യമായി കുറഞ്ഞു.
അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമാണ് (എ.ടി.എം.എസ്.) 119 കിലോമീറ്ററുള്ള പാതയിൽ അപകടമരണം മൂന്നിലൊന്നായി കുറച്ചതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു.
എ.ടി.എം.എസിന്റെ സാധ്യതയെപ്പറ്റി ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കേന്ദ്രമന്ത്രിയുടെ മറുപടി.
പുതിയ സംവിധാനം ദേശീയപാതയിൽ നടപ്പാക്കിയതിനെത്തുടർന്ന് ഈവർഷം സെപ്റ്റംബർമുതൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപകടങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ കുറയ്ക്കുകയാണ് എ.ടി.എം.എസിന്റ പ്രാഥമികലക്ഷ്യം. ക്യാമറ, സ്പീഡ് സെൻസർ എന്നിവയിൽനിന്ന് റോഡിലെ വാഹനങ്ങളുടെ വേഗം, എണ്ണം, ഗതാഗതക്കുരുക്ക് തുടങ്ങിയവിവരങ്ങൾ ശേഖരിച്ച് ഗതാഗതം നിയന്ത്രിക്കുന്നതാണ് സംവിധാനം.
ഈ വിവരങ്ങൾ അനുസരിച്ചാണ് ട്രാഫിക് സിഗ്നൽ ദേശീയപാതയിൽ പ്രവർത്തിക്കുക. ഹൈവേകളിലും എക്സ്പ്രസ് വേകളിലും ഘട്ടംഘട്ടമായി എ.ടി.എം.എസിന്റെ കൂടുതൽ സംവിധാനങ്ങൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ.ടി.എം.എസ്. നടപ്പാക്കൽ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ദേശീയപാതയാണിത്. 2024 ജൂലായിലാണ് നടപ്പാക്കിയത്.
ഈ പാതയിൽ 2023 ജൂലായ് മുതൽ ഡിസംബർവരെ 188 പേർ അപകടത്തിൽ മരിച്ചു. 2024 ജൂലായിൽ ആറ് അപകടമരണങ്ങളും ഓഗസ്റ്റിൽ രണ്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർമുതൽ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
പുതിയ സംവിധാനം കേരളത്തിലെ ദേശീയപാതകളിലും പരീക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാധാകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട ചോദ്യം ലോക്സഭയിൽ ഉന്നയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.