കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു – ചെന്നൈ അതിവേഗപാതയിൽ കർണാടകത്തിൽ വരുന്ന 71 കിലോമീറ്റർ ഭാഗം തുറന്നു കൊടുത്തു

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു – ചെന്നൈ അതിവേഗപാതയിൽ കർണാടകത്തിൽ വരുന്ന 71 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു.

ആന്ധ്രാപ്രദേശിലൂടെയും തമിഴ്‌നാട്ടിലൂടെയുമുള്ള പാതയുടെ ഭാഗങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. 2025 ഓഗസ്റ്റോടെ ഈ ഭാഗത്തെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

71 കിലോമീറ്റർ പൂർത്തിയായ ഭാഗം പ്രദേശവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിവേഗപാതയിലൂടെ വെറുതേ യാത്ര ചെയ്ത് മടങ്ങുന്നവരും നിരവധിയാണ്.

ഹൊസ്‌കോട്ടെയ്ക്ക് സമീപത്തെ ജിന്നഗെരെ ക്രോസിലുള്ള ക്ഷേത്രം പാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു.

പിന്നീട് ക്ഷേത്രം മാറ്റിസ്ഥാപിച്ചെന്നും പാതയിലെ ചെറിയ ചില പണികൾ ഒഴിച്ചാൽ ബാക്കിയെല്ലാം പൂർത്തിയാക്കി തുറന്നെന്നും ദേശീയപാത അധികൃതർ അറിയിച്ചു.

മാലൂർ, ബംഗാരപേട്ട്, ബെതമംഗല എന്നിവിടങ്ങളിലാണ് എക്സിറ്റ് പോയിന്റുകളുള്ളത്. പാത പൂർണമായി തുറക്കാത്തതിനാൽ ടോൾ വാങ്ങുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ 120 കിലോമീറ്ററായിരിക്കും വേഗപരിധി. അതിവേഗപ്പാത 2025 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഹൈവേ വകുപ്പു മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു.

മൊത്തം 261 കിലോമീറ്റർ ഉൾപ്പെടുന്നതാണ് അതിവേഗപാത പദ്ധതി. 17,000 കോടി രൂപ ചെലവഴിച്ചാണ് യാഥാർഥ്യമാക്കുന്നത്.

നിലവിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് റോഡ് മാർഗം സഞ്ചരിക്കാൻ ശരാശരി അഞ്ചു മുതൽ ആറു മണിക്കൂർ വരെയാണ് വേണ്ടത്.

പുതിയ പാത വരുതോടെ ഇത് മൂന്നു മണിക്കൂറായി ചുരുങ്ങും. പരമാവധി 120 കിലോമീറ്റർ വേഗമായിരിക്കും പാതയിൽ അനുവദിക്കുകയൊണ് വിവരം.

പതുക്കെ പോകുന്ന വാഹനങ്ങളെയും ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയെയും പാതയിൽ അനുവദിച്ചേക്കില്ല.

കർണാടകത്തിൽ ഹൊസ്‌കോട്ടെ, മാലൂർ, ബംഗാർപേട്ട്, കോലാർ തുടങ്ങിയ നഗരങ്ങളിലൂടെയും ആന്ധ്രാപ്രദേശിൽ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളിലൂടെയും കടന്നാണ് തമിഴ്‌നാട്ടിലെത്തുക.

കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ നഗരങ്ങളുടെ സാമ്പത്തിക വികസനത്തിനും ഈ പാത വഴി വെക്കുമെന്നാണ് വിലയിരുത്തൽ.

കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനും ഉപകരിക്കും. 2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us