ബെംഗളൂരു : തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടി ബെംഗളൂരുവിൽ പുറത്തിറക്കി.
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.) ആണ് വണ്ടി രൂപകല്പനചെയ്ത് നിർമിച്ചത്. ഒൻപതുമാസം കൊണ്ടായിരുന്നു നിർമാണം.
ബെംഗളൂരുവിലെ ‘ബെമലി’ന്റെ നിർമാണകേന്ദ്രത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്.
യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടാണ് കന്പാർട്ട്‌മെന്റുകൾ നിർമിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 11 എ.സി. ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), നാല് എ.സി. ടു ടയർ കോച്ചുകളും (188 ബെർത്തുകൾ), ഒരു ഒന്നാം ക്ലാസ് എ.സി.കോച്ചും (24 ബെർത്തുകൾ) ഉൾപ്പെടെ മൊത്തം 16 കോച്ചുകളും 823 ബെർത്തുകളും ഉണ്ട്.
വണ്ടി ബെംഗളൂരുവിൽനിന്നും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങൾക്കായി കൊണ്ടുപോകും.
പാളത്തിലിറക്കിയുള്ള പരീക്ഷണ ഒാട്ടവും പൂർത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തി മൂന്നു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.