വനിതാ ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കും

ബെംഗളൂരു : വനിതാ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും സുരക്ഷ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ.

ഇവിടങ്ങളിൽ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കുകയും പരിശീലനംലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ-നൈപുണ്യവികസന മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സുരക്ഷസംബന്ധിച്ച് ഉദ്യോഗസ്ഥരുമായി യോഗംചേർന്ന ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കൊൽക്കത്തയിൽ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ സ്ഥാപനങ്ങളിലുടനീളം സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.

വനിതാ ഡോക്ടർമാരുടെ സുരക്ഷയുറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ചർച്ചയുടെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷാനടപടികൾ ഏർപ്പെടുത്തും.

സ്ത്രീകളുടെ ശൗചാലയങ്ങളിലെ സുരക്ഷയ്ക്കും മുൻഗണനനൽകുന്നതായും മന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാരിന്റെയും സുപ്രീംകോടതിയുടെയും മാർഗനിർദേശങ്ങൾക്കനുസരിച്ചാകും സുരക്ഷാനടപടികൾ സ്വീകരിക്കുക.

ആഭ്യന്തര പരാതി കമ്മിറ്റിയുടെ ആവശ്യകതയും മന്ത്രി എടുത്തുപറഞ്ഞു.

മെഡിക്കൽ മേഖലയിൽ സ്ത്രീകളുന്നയിക്കുന്ന പരാതികൾ പരിഹരിക്കാൻ ഇത്തരം കമ്മിറ്റി ആവശ്യമാണ്.

അക്രമവും ലൈംഗികാതിക്രമവും നടത്തുന്നവർക്കെതിരേ സർക്കാർ കർശനനടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വനിതാ ഡോക്ടർമാരുടെ സുരക്ഷസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗംചേർന്നത്.

മെഡിക്കൽ വിദ്യാർഥിനികളുമായി മന്ത്രി സംവാദപരിപാടിയും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us