ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിആവശ്യപ്പെട്ട് എൻ.ഡി.എ. നടത്താനിരുന്ന പദയാത്രയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ജെ.ഡി.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം.
കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. ദേശീയജനറൽസെക്രട്ടറി രാധ മോഹൻദാസ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് ബി.വി. വിജയേന്ദ്ര എന്നിവർ കുമാരസ്വാമിയുമായി ചർച്ച നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് നേതാക്കൾ ചർച്ച നടത്തിയതെന്നാണ് സൂചന.
കുമാരസ്വാമിയുമായി ആശയവിനിമയത്തിൽവന്ന വിടവാണ് പ്രശ്നമായതെന്നും നേരത്തെ നിശ്ചയിച്ചപോലെ കുമാരസ്വാമിയുടെയും വിജയേന്ദ്രയുടെയും നേതൃത്വത്തിൽ പദയത്ര നടക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ബി.ജെ.പി. നേതാക്കൾ പറഞ്ഞു. അതേസമയം, കുമാരസ്വാമി ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
പദയാത്രയെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിൽ, പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയെന്നാരോപണം നേരിടുന്ന ബി.ജെ.പി.യുടെ മുൻ എം.എൽ.എ. പ്രീതം ഗൗഡയെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് കുമാരസ്വാമി ഇടഞ്ഞത്.
സംസ്ഥാനം വലിയരീതിയിൽ പ്രളയക്കെടുതി നേരിടുമ്പോൾ എൻ.ഡി.എ.യുടെ രാഷ്ട്രീയറാലി സാധാരണക്കാരിൽ എതിർപ്പുണ്ടാകാനിടവരുത്തുമെന്ന് പറഞ്ഞ് കുമാരസ്വാമി പദയാത്രയെ എതിർക്കുകയായിരുന്നു. ജെ.ഡി.എസുമായി ആലോചിക്കാതെയാണ് ബി.ജെ.പി.പദയാത്ര നിശ്ചയിച്ചതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് മൂന്നുമുതൽ പത്തുവരെ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് യാത്ര നടത്താനാണ് നിശ്ചയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപണം നേരിടുന്ന ‘മുഡ’ ഭൂമിയിടപാട് ഉയർത്തിക്കാട്ടിയാണ് പദയാത്ര.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.