ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ ബസ് അപകടത്തിൽപ്പെട്ടു.
ഇന്ന് രാവിലെ ബെംഗളൂരു ബിദടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബൈപാസിലേക്ക് തിരിയുമ്പോൾ റോഡരികിലെ സൈൻ ബോർഡിൽ ബസ് ഇടിക്കുകയായിരുന്നു.
ബസിന്‍റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്ന നിലയിലാണ്. രാവിലെ 3:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട എസി സ്ലീപ്പർ ബസാണിത്.
പുലർച്ചെ യാത്രക്കാർ ഉറങ്ങവെയായിരുന്നു അപകടം നടന്നത്. ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നതല്ലാതെ അകത്തേക്ക് വലിയ പ്രശ്നങ്ങളില്ല.
അതുകൊണ്ട് തന്നെ യാത്രക്കാർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം നിരവധിയാളുകൾക്ക് നിസ്സാര പരിക്കുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.