കുറ്റം ഏറ്റെടുക്കാൻ ഓഫർ 5 ലക്ഷം; കൊലക്കേസിൽ മറ്റൊരു നടനും പിടിയിൽ 

ബെംഗളൂരു: കന്നഡ സിനിമാതാരം ദർശൻ ഉള്‍പ്പെട്ട കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി.

ദർശന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.

ഇതോടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.

വ്യാഴാഴ്ച അറസ്റ്റിലായ നാഗരാജ് നടൻ ദർശന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണെന്നാണ് പോലീസ് പറയുന്നത്.

നടന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നാഗരാജ് വഴിയാണ് നടന്നിരുന്നത്.

ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു.

മറ്റൊരു പ്രതിയായ പ്രദോഷ് സിനിമയില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ദർശൻ നായകനായ ചിത്രങ്ങളിലാണ് ഇയാള്‍ ചെറിയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

കൊലപാതകത്തില്‍ ഇയാളുടെ പങ്കെന്താണെന്നാണ് പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍, വാടകക്കൊലയാളികള്‍ക്ക് ഇയാള്‍ മുഖേനയാണ് പണം കൈമാറിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ, യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൂന്ന് പേരോട് കുറ്റം ഏറ്റെടുക്കാനായി ദർശൻ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊലക്കേസില്‍ കുറ്റം ഏറ്റെടുത്താല്‍ അഞ്ചുലക്ഷം രൂപവീതം മൂന്നുപേർക്കുമായി ആകെ 15 ലക്ഷം രൂപയാണ് നടൻ വാഗ്ദാനംചെയ്തിരുന്നതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.

ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33)യെ നടനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.

മോശം കമന്റിട്ട രേണുകസ്വാമിയോട് പ്രതികാരം ചെയ്യണമെന്ന് പവിത്രയാണ് ദർശനയോട് ആവശ്യപ്പെട്ടത്.

ഇതനുസരിച്ച്‌ ചിത്രദുർഗയിലെ തന്റെ ഫാൻക്ലബ് കണ്‍വീനറായ രാഘവേന്ദ്ര വഴി ദർശൻ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.

പിന്നാലെ യുവാവിനെ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്നു.

തുടർന്ന് ഒരു ഷെഡ്ഡില്‍വെച്ച്‌ ദർശനും കൊലയാളിസംഘാംഗങ്ങളും ചേർന്ന് രേണുകാസ്വാമിയെ മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ മൃതദേഹം കാമാക്ഷിപാളയത്തെ അഴുക്ക്ചാലില്‍ ഉപേക്ഷിച്ചു.

ഇവിടെനിന്ന് ഒരു ഫുഡ് ഡെലിവറി ബോയ് ആണ് മൃതദേഹം നായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടത്.

ഇയാള്‍ പോലീസിനെ വിവരമറിയിച്ചതോടയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us