മഴ കനത്തു; വീടുകളിൽ വെള്ളംകയറി; പ്രതിഷേധിച്ച് ജനങ്ങൾ

ബെംഗളൂരു: നഗരത്തിൽ കനത്ത മഴ. വൈകീട്ട് ആറുമണിയോടെ തുടങ്ങിയമഴ പെട്ടെന്ന് ശക്തിപ്രാപിച്ചു തുടങ്ങിയതോടെ ബെംഗളൂരുവിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിത്തുടങ്ങി.

രാത്രി വൈകിയും മഴതുടർന്നു.റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലുമാണ് വെള്ളക്കെട്ടുണ്ടാകുന്നത്.

താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറുന്നതും പതിവായി. മഴക്കാലത്ത് വെള്ളംപൊങ്ങുന്നത് തടയാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) നടപടിയെടുത്തിട്ടില്ലെന്ന് നഗരവാസികൾ ആരോപിക്കുന്നു.

കഴിഞ്ഞ 12 വർഷമായി നഗരത്തിൽ മഴപെയ്യുമ്പോളുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ബി.ബി.എം.പി. പരാജയപ്പെട്ടെന്നാരോപിച്ച് യെലച്ചനഹള്ളിയിൽ പ്രദേശവാസികൾ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു.

സ്ത്രീകളുൾപ്പെടെ ഒട്ടേറെ ആളുകൾ റോഡ് ഉപരോധത്തിൽ പങ്കെടുത്തു. ഇതേത്തുടർന്ന്‌ റോഡിൽ ഏറെനേരം ഗാതഗത തടസ്സമുണ്ടായി.

പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. ശനിയാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് സൗത്ത് ബെംഗളൂരുവിലെ രാമകൃഷ്ണനഗറിൽ മുപ്പതോളം വീടുകളിൽ വെള്ളംകയറി.

പ്രദേശത്ത് മഴവെള്ളക്കനാലിന്റെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വെള്ളം ജനവാസമേഖലകളിലേക്ക് പ്രവേശിച്ചത്. ബി.ബി.എം.പി. ചീഫ് എൻജിനിയർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.

സുൽത്താൻപാളയയിലും ജെ.സി. നഗറിലും വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ദുരിതമായി. ബെംഗളൂരുവിൽ 87 ശതമാനം പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായിട്ടാണ് അടുത്തിടെ മംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നത്.

ഇതിൽ 30 ശതമാനം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് ഏറ്റവുംകൂടുതൽ സാധ്യതയുള്ളതായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ഭൂവിനിയോഗത്തിലുണ്ടായ മാറ്റമാണ് ഈ അവസ്ഥയ്ക്ക് പ്രധാനകാരണം. മഴവെള്ളം മണ്ണിനടിയിലേക്കുപോകാൻ തടസ്സമുള്ളതാണ് വെള്ളപ്പൊക്കസാഹചര്യം സൃഷ്ടിക്കുന്നത്.

ദ്രുതഗതിയിലുള്ള നഗരവത്കരണവും ആസൂത്രണമില്ലാതെയുള്ള നഗരത്തിന്റെ വികസനവും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us