ബെംഗളൂരു: വാർഷിക പരിശീലനത്തിൻ്റെ ഭാഗമായി വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് (കെഇആർസി) നിർദ്ദേശം അയച്ചു.
വരുമാനത്തെ അപേക്ഷിച്ച് ചെലവ് വർധിച്ചതായി ചൂണ്ടിക്കാട്ടി എല്ലാ കമ്പനികളും താരിഫ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഗാർഹിക ഉപഭോക്താക്കൾക്ക് 0.49 പൈസ വർധിപ്പിക്കാനാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) നിർദ്ദേശിച്ചത്. വിതരണ നഷ്ടവും വൈദ്യുതി വാങ്ങൽ ചെലവുമാണ് നിർദിഷ്ട വർദ്ധനവിന് കാരണമെന്ന് ബെസ്കോം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഗുൽബർഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ജെസ്കോം) 1.63 രൂപ വർധിപ്പിക്കാനാണ് നിർദ്ദേശിച്ചട്ടുള്ളത്. നിലവിലെ വരുമാനത്തെ അപേക്ഷിച്ച് ഉയർന്ന ചെലവ് ചൂണ്ടിക്കാണിച്ച് മംഗലാപുരം വൈദ്യുതി വിതരണ കമ്പനി (മെസ്കോം) നിരക്ക് 0.59 പൈസ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു.
വൈദ്യുതി വില യൂണിറ്റിന് 0.57 പൈസ കൂട്ടാൻ ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ഹെസ്‌കോം) കെഇആർസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാമുണ്ഡേശ്വരി ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ (ചെസ്‌കോം) വൈദ്യുതി വില യൂണിറ്റിന് 0.50 പൈസ കൂട്ടാൻ ശുപാർശ ചെയ്തു.
വിവിധ വൈദ്യുതി വിതരണ കമ്പനികളിൽ, ബെസ്‌കോം ആണ് ഏറ്റവും കുറഞ്ഞ വർധന 0.49 പൈസ നിർദേശിച്ചിട്ടുള്ളത്. ജെസ്‌കോം ആവട്ടെ പരമാവധി 1.63 രൂപയും വർധിപ്പിക്കാനാണ് നിർദ്ദേശിച്ചത്.
കെഇആർസി നിർദ്ദേശം പഠിച്ച ശേഷം വർഷത്തിലൊരിക്കൽ വൈദ്യുതി വില പരിഷ്കരിക്കും. കഴിഞ്ഞ വർഷം വൈദ്യുതി ചാർജിൽ 70 പൈസ വർധിപ്പിക്കാൻ കെഇആർസി അനുമതി നൽകിയിരുന്നു. മെയ് 12 ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് ഏപ്രിൽ മുതൽ വൈദ്യുതി
നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നു.