ചുട്ടുപൊള്ളി നഗരം; 36 ഡിഗ്രി കടന്ന് താപനില ; കാരണം എൽനിനോ പ്രതിഭാസം

ബെംഗളൂരു : കർണാടകത്തിൽ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കലബുറഗിയിൽ ബുധനാഴ്ച 36.04 ഡിഗ്രി താപനില രേഖപ്പെടുത്തി.

ബെംഗളൂരു നഗരത്തിൽ 33.1 ആണ് കൂടിയ താപനില. സാധാരണ താപനിലയിൽനിന്ന് നാല് ഡിഗ്രി സെൽഷ്യസ്‌ വരെ കൂടുതലാണ് ഇതെന്നും വരുംദിവസങ്ങളിൽ ഇനിയുംകൂടാൻ സാധ്യതയുണ്ടെന്നും ബെംഗളൂരുവിലെ കാലാവസ്ഥാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

സാധാരണ മാർച്ച് ആദ്യവാരമാണ് താപനിലയിൽ കാര്യമായ വർധനയുണ്ടാകാറുള്ളത്. കാലാവസ്ഥാപ്രതിഭാസമായ ‘എൽനിനോ’ ആണ് മാറ്റത്തിനുകാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

എൽനിനോ പ്രതിഭാസം ശക്തമായിരുന്നതാണ് ഇപ്പോൾ താപനില ഉയരാൻ കാരണം. ഫെബ്രുവരിയിലെ ബാക്കിദിവസങ്ങളിലും മൂന്നുഡിഗ്രി സെൽഷ്യൽസ് വരെ താപനില കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. തണുപ്പുകാലം പൂർണമായും വിട്ടുപോയിട്ടില്ല.

അതുകൊണ്ടാണ് രാവിലെയുള്ള താപനില സാധാരണനിലയിലുള്ളത്. ഇത് വരുംദിവസങ്ങളിൽ മാറിയേക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

വരൾച്ചയുടെ ദുരിതമനുഭവിക്കുന്നതിനിടെയാണ് വേനൽ കടുത്തത്. 216 താലൂക്കുകളെ വരൾച്ച ബാധിച്ചതായാണ് കണക്ക്.

രാവിലെ തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെട്ടശേഷമാണ് പകൽസമയം ചൂട് കനക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. 14 ഡിഗ്രി സെൽഷ്യസുവരെ കുറഞ്ഞ താപനില ചില ജില്ലകളിൽ രേഖപ്പെടുത്തുന്നുണ്ട്.

വിമാനത്താവളത്തിൽ ബുധനാഴ്ചത്തെ കൂടിയ താപനില 33.1 ഡിഗ്രി സെൽഷ്യസായിരുന്നു. കടലോരമേഖലയിലും രണ്ടു ഡിഗ്രി സെൽഷ്യൽസ് വരെ താപനിലയിൽ വർധനയുണ്ടായി. വടക്കൻ കർണാടകത്തിലെ പല ജില്ലകളിലും താപനില വർധിച്ചു.

അതേസമയം, ബെംഗളൂരുവിൽ ബുധനാഴ്ച കുറഞ്ഞ താപനില 17.4 ഡിഗ്രി സെൽഷ്യസായിരുന്നു. ചൊവ്വാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഞ്ഞുമൂടിയതിനെത്തുർന്ന് 48 വിമാനങ്ങൾ പുറപ്പെടാൻ വൈകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us