അത്തിബെലെ പടക്കകട തീപിടിത്തത്തിൽ മരണം 14 ആയി; തീപിടുത്തത്തിന്റെ കാരണം, ഉടമകൾ, ഇരകൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ബെംഗളൂരു: രക്ഷാപ്രവർത്തകർ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അത്തിബെലെ പടക്ക ഗോഡൗണിൽ മരിച്ചവരുടെ എണ്ണം 14 ആയി.

പരിക്കേറ്റ ഏഴ് പേർ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിലാണ്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് തീപിടുത്തം ആദ്യം കണ്ടത്, 14 പേർ ജീവനോടെ വെന്തുരുകുകയും സമീപത്തെ കടകൾ കത്തിനശിക്കുകയും ചെയ്തു.

മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

മരിച്ച 14 പേരിൽ 12 പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. എട്ട് ദിവസം മുമ്പ് ജോലിക്കെത്തിയ തൊഴിലാളികൾ പടക്കക്കടയ്ക്ക് സമീപത്തെ മുറിയിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലം സന്ദർശിച്ച് ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.

ശനിയാഴ്ച ഗോഡൗണിൽ എന്താണ് സംഭവിച്ചത് ?

ദീപാവലി ഉത്സവം അടുത്തതോടെ പടക്കക്കടകളിൽ പടക്കങ്ങൾ വൻതോതിൽ സംഭരിക്കാൻ തുടങ്ങി, വരും ആഴ്‌ചകളിലെ ആവശ്യം നിറവേറ്റുന്നതിനായി കർണാടകയിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുമുള്ള നിരവധി ആളുകളെ ജോലിക്കെടുത്തിട്ടുണ്ടായിരുന്നു.

കർണാടക-തമിഴ്നാട് അതിർത്തിക്കടുത്തുള്ള അത്തിബെലെയിൽ പടക്ക വിൽപന നടത്തിയിരുന്ന ശ്രീ ബാലാജി ട്രേഡേഴ്‌സ് കഴിഞ്ഞ ഒരാഴ്ചയായി നിരവധി പേരെ സെയിൽസ്മാൻമാരായി നിയമിച്ചിരുന്നു.

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നോടെയാണ്‌ പടക്കം സൂക്ഷിച്ചിരുന്ന ബാലാജി ട്രേഡേഴ്‌സ്‌ കടയിലേക്ക്‌ പടക്കം അടങ്ങിയ ലോറി എത്തിയത്‌. കടയുടമ തൊഴിലാളികളോട് സാധനങ്ങൾ ഇറക്കി ഗോഡൗണിൽ സൂക്ഷിക്കാൻ അറിയിച്ചു.

പത്തോളം പേർ ചേർന്ന് പടക്കങ്ങൾ അടങ്ങിയ പെട്ടികൾ ഇറക്കാൻ തുടങ്ങി.

രണ്ടാമത്തെ ബാച്ച് തൊഴിലാളികൾ പെട്ടികൾ നീക്കം ചെയ്യുന്നതിനിടെ പെട്ടെന്ന് തീപ്പൊരിയും തുടർന്ന് തീപിടുത്തവും ഉണ്ടായി.

ഗോഡൗണിന്റെ കവാടത്തിൽ നിന്ന് നിരവധി ആളുകൾ പുറത്തേക്ക് ഓടിയെങ്കിലും ഗോഡൗണിനുള്ളിലുണ്ടായിരുന്ന ആളുകൾ കുടുങ്ങിപ്പോയതിനാൽ പെട്ടെന്ന് തീ പടർന്ന് പടക്കങ്ങൾ കത്തിയതോടെ, അവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

തീപിടിത്തത്തിന്റെ കാരണം എന്തായിരുന്നു?

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പ്രഥമദൃഷ്ട്യാ തെളിവുകളുടെ അടിസ്ഥാനത്തിൽ, പടക്കം ഇറക്കുന്നതിനിടയിൽ ഒരു ഹൈടെൻഷൻ വയർ പടക്ക പെട്ടികളുമായി സമ്പർക്കം പുലർത്തിയതാകാം തീപിടുത്തത്തിലേക്ക് നയിച്ചത് എന്നാണ് അഗ്നിശമനസേനയും അത്യാഹിത വിഭാഗവും അഭിപ്രായപ്പെടുന്നത്.

അടിയന്തര സേവനങ്ങൾ നിരവധി വാട്ടർ ടാങ്കറുകൾ ഉൾപ്പെടെ ഒമ്പത് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി അഞ്ച് മണിക്കൂറിലേറെ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കേസിൽ ഇതുവരെ അന്വേഷണം

ശ്രീ ബാലാജി ട്രേഡേഴ്‌സ് പടക്കം വിൽപന നടത്തുന്ന കടയ്ക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അവർ ഗൗഡൗണിൽ അനധികൃതമായി പടക്കങ്ങൾ സൂക്ഷിക്കുകയാണെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ദയാനന്ദ് പറഞ്ഞു.

ഗോഡൗണിലേക്ക് ഇടുങ്ങിയതായതിനാൽ അകത്തുള്ളവർക്ക് പുറത്തേക്ക് ഓടാൻ കഴിയാത്ത അവസ്ഥയാണെന്നും അഗ്നിശമന സേനാംഗങ്ങൾ ചൂണ്ടിക്കാട്ടി.

രക്ഷപ്പെട്ട തൊഴിലാളികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അത്തിബെലെ പോലീസ് ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ ഉൾപ്പെടെ എഫ്‌ഐആർ ഫയൽ ചെയ്തട്ടുണ്ട്.

ശ്രീ ബാലാജി ട്രേഡേഴ്‌സ് ഉടമ രാമസ്വാമി റെഡ്ഡി, പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ നവീൻ റെഡ്ഡി, മാനേജർ ലോകേഷ്, കെട്ടിട ഉടമ ജയമ്മ, മകൻ അനിൽ റെഡ്ഡി എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദുരന്തത്തിന്റെ ഇരകൾ

14 ഇരകളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. തമിഴ്‌നാട്ടിൽ നിന്ന് 600-700 രൂപ കൂലിക്ക് ഒരു മാസത്തോളം ജോലിക്കെത്തിയതായിരുന്നു ഇവർ.

മരിച്ച എട്ട് പേർ തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവരുമാണ്.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

നഷ്ടപരിഹാരം സ്ഥലത്തുതന്നെ നൽകണമെന്ന് കുടുംബാംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടെട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us