കേരളത്തിൽ എ.ഐ. ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ മിഴിതുറക്കും

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ ഐ കാമറകളിലൂടെ നാളെ മുതൽ പിഴ ഈടാക്കും. ഗതാഗത വകുപ്പ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. 726 കാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എ ഐ കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണം നൽകുകയും മെയ് 20 മുതൽ പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ വിവാദമായതോടെയാണ് പിഴ ഈടാക്കുന്നത് ജൂൺ 5 ലേക്ക് മാറ്റിയത്. പിഴ ഈടാക്കി തുടങ്ങുമ്പോൾ നിയമലംഘനങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ.

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപയാണ് പിഴ. പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമാണ്. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേര്‍ ഒരേസമയം യാത്ര ചെയ്‌താല്‍ 1000 രൂപ നൽകണം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് 2000 രൂപയാണ് പിഴ.നാലുചക്ര വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് 500 രൂപ, അമിത വേഗത്തിന് 1500 രൂപ, അനധികൃത പാർക്കിങ്ങ് 250 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. റോഡിലെ സ്റ്റോപ്പ് ലൈൻ മുറിച്ചുകടക്കുന്ന നിയമലംഘനങ്ങളും എ ഐ കാമറ കണ്ടെത്തും എന്നാൽ ഇതിന് തത്കാലം പിഴ ഈടാക്കില്ല.അതേസമയം ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് പിഴ ഈടാക്കാൻ സർക്കാർ തുടക്കത്തിൽ എടുത്ത തീരുമാനം കടുത്ത അതൃപ്‌തി ഉണ്ടാക്കിയിരുന്നു. പൊതുജന താത്പര്യ പ്രകാരം ഇതില്‍ പിഴ ഈടാക്കുന്നതില്‍ താല്‍ക്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജു കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തു.

കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ ഇതില്‍ സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കൂ. ബോധവത്കരണത്തിന്‍റെ ഭാഗമായി ഇതുവരെ 42,000 പേർക്കാണ് നോട്ടിസ് അയച്ചത്. അതേസമയം, നാളെ എല്ലാ എ ഐ കാമറകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us