ബെംഗളൂരു: : രാജ്യത്തിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി താൻ പരിശ്രമിക്കുമ്പോൾ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ ജനങ്ങളുടെ അനുഗ്രഹമാണ് തന്റെ ഏറ്റവും വലിയ സംരക്ഷണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മെയ് മാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലേക്കുള്ള തന്റെ ആറാമത്തെ സന്ദർശനത്തിൽ, സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് “ഇരട്ട എഞ്ചിൻ” സർക്കാർ അനിവാര്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കും വേണ്ടിയുള്ള ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ശ്രമങ്ങൾക്കിടയിൽ, കോൺഗ്രസും കൂട്ടാളികളും എന്താണ് ചെയ്യുന്നത്? കോൺഗ്രസ് മോദിയുടെ ശവക്കുഴി കുഴിക്കുമെന്ന് സ്വപ്നം കാണുന്നു, എന്നും മണ്ഡ്യ ജില്ലയിൽ 118 കിലോമീറ്റർ നീളമുള്ള ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണ്, അതേസമയം മോദി പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. മോദിയുടെ ശവക്കുഴി തോണ്ടുന്നതിനെക്കുറിച്ചാണ് അവർ സ്വപ്നം കാണുന്നത്, കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജനങ്ങളുടെയും അനുഗ്രഹമാണ് മോദിയുടെ ഏറ്റവും വലിയ സംരക്ഷണ കവചമെന്നറിയുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദരിദ്രരുടെ വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ച് കോൺഗ്രസ് ഒരിക്കലും വേവലാതിപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു, 2014 ൽ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയപ്പോൾ, അത് രാജ്യത്തെ പാവപ്പെട്ടവർക്കായി ഒരു സർക്കാർ രൂപീകരിക്കുന്നതിന് വഴിയൊരുക്കി, പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കിയ ഈ ബിജെപി സർക്കാർ ദരിദ്രരെ സേവിക്കാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും എല്ലാ ശ്രമങ്ങളും നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, അടുത്തിടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച നടിയും മണ്ഡ്യ ലോക്സഭാ എംപിയുമായ സുമലത അംബരീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.