സിനിമാ നടന് ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനായി. സ്വന്തം ഭാര്യയായ ഡോ: ഷീന ഷുക്കൂറിനെയാണ് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹം കഴിച്ചത്. ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ കുടുംബാംഗങ്ങള്‍ ഉള്‍പെടെ നിരവധി പേര് എത്തി.
ഇന്ന് രാവിലെ 10.15 നായിരുന്നു ഭാര്യ ഷീനയെ ഷുക്കൂര്‍ വീണ്ടും വിവാഹം ചെയ്തത്. ഹൊസ്ദുര്‍ഗ്ഗ് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഷുക്കൂര്‍ വക്കീലും,ഷീന ഷുക്കൂറുംവിവാഹ രജിസ്ട്രേഷന് നടത്തിയത്.
ഇരുപത്തെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും കല്യാണം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇവരുടെ മൂന്ന് പെണ് മക്കളുടെയും സാന്നിധ്യത്തിലായിരുന്നു രജിസ്ട്രേഷന് നടന്നത്.
മുസ്ലീം പിന്തുടര്ച്ചാവകാശ നിയമത്തിനെതിരെയുള്ള സ്ത്രീ പക്ഷ കാഴ്ച്ച പാടാണ് വിവാഹ രജിസ്ട്രേഷനിലൂടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ലിംഗ സമത്വം ഉയര്‍ത്തി പിടിക്കാനുള്ള പരിശ്രമത്തിന് വനിതാ ദിനം തന്നെ തിരഞ്ഞെടുത്തതിലെ സന്തോഷം ഷുക്കൂര്‍ വക്കീല്‍ പങ്കുവെച്ചു.
തീരുമാനത്തിനെതിരെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് വിവാഹത്തിലൂടെ നല്കുവാന് സാധിച്ചതെന്നും, ഇതില്‍ സന്തോഷമുണ്ടെന്നും ഡോ: ഷീന ഷുക്കൂര്‍ പറഞ്ഞു. മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലാണ് മക്കളായ ഖദീജ ജാസ്മിനും ഫാത്തിമ ജെബിനും ഫാത്തിമ ജെസയും.
1994 ഒക്ടോബര്‍ 6 ന് ഷീനയുടെ പാലക്കാട് പുതുപ്പരിയാരത്തെ വീട്ടില്‍ മുസ്ലീം വ്യക്തി നിയമ പ്രകാരം ആയിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് പെണ്മക്കളായതിനാല് ഇസ്ലാമിക നിയമ പ്രകാരം സ്വത്തുകളില്‍ ഒരു ഭാഗം സഹോദരങ്ങള്‍ക്ക് ലഭിക്കും. നിയമം മൂലം ഇത് തടഞ്ഞ് സ്വത്തുക്കള്‍ പൂര്‍ണമായും മക്കള്‍ക്ക് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വിവാഹമെന്ന് ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തതോടെ സ്വത്തുക്കള്‍ ഇനി പൂര്‍ണമായും മക്കള്‍ക്ക് ലഭിക്കും. ഷുക്കൂറിന്റെയും ഷീനയുടെയും വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. തങ്ങളുടെ പാത പിന്തുടര്ന്ന് കൂടുതല്‍ പേര് വിവാഹ രജിസ്ട്രേഷന് മുന്നോട്ട് വരുമെന്നാണ് വക്കീല്‍ പറയുന്നത്.അതേസമയം സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.