കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തോമസ് ഐസക്കിന്‍റെ വ്യക്തിഗത വിശദാംശങ്ങൾ തേടിയതിൽ ഇഡി ഇന്ന് വിശദീകരണം നൽകിയേക്കും. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തന്‍റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ അടക്കം തേടിയ ഇ.ഡി. നടപടിയെയാണ് തോമസ് ഐസക്ക് നേരിടുന്നത്. കഴിഞ്ഞ തവണ തോമസ് ഐസക്കിന്‍റെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉയർന്നിരുന്നു. തോമസ് ഐസക്കിന് സ്വകാര്യതയുണ്ടെന്നും അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ എന്തിനാണ് വ്യക്തിഗത വിവരങ്ങൾ തേടുന്നതെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ച് ചോദിച്ചിരുന്നു. പ്രതിയോ സംശയിക്കപ്പെടുന്ന ആളോ ആണെങ്കിൽ നടപടിക്ക് ന്യായീകരണമുണ്ട്. എന്നാൽ തോമസ് ഐസക്ക് പ്രതിയോ സംശയിക്കപ്പെടുന്ന ആളോ അല്ല. ആദ്യ സമൻസിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ പെട്ടെന്ന് രണ്ടാമത്തെ സമൻസിൽ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന ചോദ്യങ്ങൾക്ക് ഇ.ഡിയുടെ ഉത്തരം നിർണായകമാകും. കിഫ്ബിയുടെ പ്രവർത്തനങ്ങളിലാണ് അന്വേഷണം നടക്കുന്നതെന്ന് ഇ.ഡി പറയുമ്പോളും സമന്‍സുകള്‍ ആ മട്ടില്‍ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. തന്നെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, മസാല ബോണ്ടിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അന്വേഷണത്തിന് തൽക്കാലം സ്റ്റേ നൽകേണ്ടെന്നാണ് ഹൈക്കോടതിയുടെ തീരുമാനം. കിഫ്ബി ഹർജിയിൽ നിലപാട് അറിയിക്കാൻ ഇ.ഡിക്ക് അടുത്ത മാസം 2 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കിഫ്ബിയുടെ ഹർജി അടുത്ത മാസം രണ്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.