എറണാകുളം: ജില്ലയിലെ വിവിധ റോഡുകളിലെ കുഴികൾ അടയ്ക്കാൻ എറണാകുളം ജില്ലാ കളക്ടർ നിർദേശം നൽകി. ദേശീയപാതകളിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികൾ ഉടൻ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ ഡോ.രേണു രാജ് നിർദേശം നൽകി.
10 ദിവസത്തിനകം പണി പൂർത്തിയായില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി പ്രോജക്ട് മാനേജർ, പിഡബ്ല്യുഡി എൻഎച്ച്, കൊടുങ്ങല്ലൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യുഡി (റോഡ്സ്), എറണാകുളം/മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയർ, പിഡബ്ല്യുഡി (പാലങ്ങൾ), എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്, എറണാകുളം, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കളക്ടർ അടിയന്തര നിർദ്ദേശം നൽകിയത്.
റോഡുകളിലെ കുഴികൾ കാരണം അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. മഴക്കാലത്തിന് മുമ്പ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. കുഴി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ടോൾ പിരിവ് നിർത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയത്. എൻ.എച്ച്.എ.ഐ കേരള റീജിയണൽ ഓഫീസർക്കും പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയത്. അമിക്കസ് ക്യൂറി മുഖേനയാണ് നിർദ്ദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.