ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന്: വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് ഇത് സ്വന്തം ക്ഷേമത്തിന് വേണ്ടിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകരുതെന്നും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം രണ്ട് മാസത്തിനകം എല്ലാ ബോർഡ് ഓഫീസുകളിലും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബോർഡുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ നടപടി സ്വീകരിക്കണം. യോഗ്യതയില്ലാത്തവരുടെ അംഗത്വവും ഇരട്ട അംഗത്വവും കണ്ടെത്തി നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരത്തിലുള്ള അംഗത്വങ്ങളാണ് പലപ്പോഴും കാര്യക്ഷമമായ ബോർഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത്.

ബോർഡ് ഓഫീസുകളിൽ വരുന്നവരോട് ജീവനക്കാരോട് മാന്യമായി പെരുമാറണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ഫോൺ സംവിധാനം ഏർപ്പെടുത്താനും അതിനായി ഒരു ജീവനക്കാരനെ നിയോഗിക്കാനും മന്ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, ലേബർ കമ്മീഷണർ ഡോ.നവജ്യോത് ഖോസ, വിവിധ ബോർഡുകളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us