തിരുവനന്തപുരം: റേഷന്‍ കാർഡുടമകൾക്ക് വീണ്ടും സർക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്. 13 ഇനങ്ങളടങ്ങിയ കിറ്റ് തയാറാക്കാന്‍ സർക്കാർ സപ്ലൈകോക്ക് നിർദേശം നൽകി. പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും.
പഞ്ചസാര (ഒരു കിലോ), ചെറുപയർ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റർ), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷൻ കടകൾ വഴി തന്നെയാകും വിതരണം.
കിറ്റ് തയാറാക്കുന്നതിനും മറ്റും പരമാവധി സൗജന്യനിരക്കിൽ സ്ഥലം കണ്ടെത്തണമെന്നും നിർദേശമുണ്ട്. പാക്കിങ് കേന്ദ്രവും പാക്കിങ് ജീവനക്കാരെയും തെരഞ്ഞെടുക്കുന്നതിന് ഉടൻ നടപടി ആരംഭിക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ സി.എം.ഡി നിർദേശം നൽകി. എന്നാൽ, കിറ്റ് വിതരണത്തിൽ സർക്കാറിനോട് സഹകരിക്കണമോയെന്ന കാര്യത്തിൽ റേഷൻ സംഘടനകൾ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിൽ 11 മാസത്തെ കമീഷനാണ് സർക്കാർ വ്യാപാരികൾക്ക് നൽകാനുള്ളത്. കിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രിയുടെ വാദം തള്ളി ഹൈകോടതിയെ സമീപിച്ച വ്യാപാരികൾ ഫെബ്രുവരി രണ്ടിന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഓണക്കിറ്റ് വിതരണത്തിന് അഞ്ചുരൂപ നിരക്കിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് ഏഴു രൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്.
കമീഷൻ നൽകില്ലെന്ന ഉറച്ച നിലപാട് സർക്കാർ തുടർന്നതോടെ ഏപ്രിലിൽ വ്യാപാരിസംഘടനകൾ സർക്കാറിനെതിരെ കോടതി അലക്ഷ്യഹരജി ഫയൽ ചെയ്തിരുന്നു. രണ്ടുമാസത്തിനുള്ളിൽ നിലപാട് അറിയിക്കാനാണ് കോടതി നിർദേശം. ഈ സാഹചര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.