ഈ വേനൽകാലം ആഘോഷിക്കാം ചിലവ് കുറഞ്ഞ സ്ഥലങ്ങൾക്കൊപ്പം 

കോവിഡ് പ്രതിസന്ധി മാറുകയും  വേനലിലെ യാത്രകള്‍ സജീവമാവുകയും തു‌ടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആശങ്കയിയിലാണ് പലരും

ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ ഈ ചൂടിൽ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാ‌ടു യാത്രയാണ് ഇഷ്ടപ്പെടുന്നത്. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മു‌ടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച്‌ സ്ഥലങ്ങള്‍  നമുക്ക്  ഇവിടെ പരിചയപ്പെ‌ടാം.

1. ലഡാക്ക്

നീലത്തടാകങ്ങളും ആകാശക്കാഴ്ചകളും സാഹസിക യാത്രകളും കൊണ്ട് മനസ്സില്‍ കയറിപ്പറ്റിയ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല അവധിക്കാല സ്ഥലങ്ങളില്‍ ഒന്നാണ്. ഓരോ ബൈക്ക് യാത്രികന്റെയും അവധിക്കാല ഇടങ്ങളില്‍ ഒന്ന് ലഡാക്ക് ആയിരിക്കുമെന്ന കാര്യത്തിന് ഒരു സംശയവുമില്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില ബുദ്ധ വിഹാരങ്ങളായ തിക്‌സി മൊണാസ്ട്രി സന്ദര്‍ശിക്കുന്നത് ലഡാക്കിനെ മറ്റൊരു തരത്തില്‍ അടയാളപ്പെടുത്തുവാന്‍ സഹായിക്കും. യാത്രയിൽ നുബ്രാ വാലി, പാന്‍ഗോങ് സോ തടാകം എന്നിവിടങ്ങള്‍ ലഡാക്കില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണം. അഞ്ച് ദിവസം മുതല്‍ ഒരാഴ്ച വരെ നിന്ന് സന്ദര്‍ശിക്കുവാന്‍ പാകത്തിന് വേണം ലഡാക്ക് യാത്ര ചെയ്യുവാന്‍.

 

2- മണാലി

വേനലില്‍ ഏറ്റവും സുന്ദരിയാകുന്ന നാടുകളില്‍ ഒന്നാണ് മണാലി. മഞ്ഞുപുതച്ചു നില്‍ക്കുന്ന മല നിരകൾ ഈ വേനലിൽ ആസ്വദിക്കാവുന്ന ഒന്നാണ്.

സോളാങ് വാലി കുളു, റോത്താങ് പാസ് തുടങ്ങിയ ഇടങ്ങള്‍ ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ മറക്കരുത്. മൂന്നോ നാലോ ദിവസമെങ്കിലും അവിടെ താമസിച്ച്‌ പോകുവാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ഇവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്യേണ്ടത്.

 

3- പുതുച്ചേരി

ഇന്ത്യയിലെ ഫ്രഞ്ച് സംസ്കാരത്തിന്റെ നാടാണ് പുതുച്ചേരി, അതിമനോഹരമായ ബീച്ചുകള്‍, കൊളോണിയല്‍ കെട്ടിടങ്ങള്‍, തെരുവുകള്‍, ഏറ്റവും മികച്ച ഫ്രഞ്ച് ഭക്ഷണം വാഗ്ദാനം ചെയ്യുന്ന കഫേകള്‍ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലൂടെയുള്ള നീണ്ട നടത്തം, ശ്രീ അരബിന്ദോ ആശ്രമത്തിലെ യോഗ, ധ്യാന സെഷനുകള്‍, അല്ലെങ്കില്‍ ഓറോവില്ലിലേക്കുള്ള ഒരു ഹ്രസ്വ സന്ദര്‍ശനം എന്നിങ്ങനെ രസകരമായ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

 

4- റാണിഖേത്

ഉത്തരാഖണ്ഡിലെ മനോഹരമായ ഒരു കന്റോണ്‍മെന്റ് ഹില്‍-ടൗണ്‍ ആണ് റാണിഖേത്. ക്വീന്‍സ് മെഡോ എന്നും അറിയപ്പെടുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. കുമയൂണിലെ രാജ്ഞി പത്മിനിയുടെ താമസ സ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

വിവിധ വിശ്വാസങ്ങളുടെ ആരാധനാലയങ്ങൾ , ഗോള്‍ഫ് കോഴ്സ്, പൂന്തോട്ടങ്ങള്‍,പ്രകൃതിഭംഗി എന്നിവയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.

ജുലാ ദേവി ക്ഷേത്രവും മങ്കമേശ്വര ക്ഷേത്രവും, ഭാലു അണക്കെട്ട്, മൗണ്ടന്‍ ബൈക്കിംഗും പാരാഗ്ലൈഡിംഗും എന്നിങ്ങനെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുവാനും സന്ദര്‍ശിക്കുവാനും ഇവിടെയുണ്ട്.

5- മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍ സ്റ്റേഷനാണ് മൗണ്ട് അബു. നിങ്ങള്‍ ഇവിടെ ആയിരിക്കുന്നിടത്തോളം സമയം നിങ്ങളുടെ സമയം ഫലപ്രദമായി ചിലവഴിക്കുവാനുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ജൈന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇവിടുത്തെ സംസ്കാരത്തെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ നിങ്ങളെ സഹായിക്കും.

 

6- നൈനിറ്റാള്‍

വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരുന്ന ഇന്ത്യയിലെ വേനല്‍ക്കാല ഡെസ്റ്റിനേഷനാണ് നൈനിറ്റാള്‍. സമൃദ്ധമായ കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനിറ്റാള്‍ കാഴ്ചകള്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരേകുന്നവയാണ്. ഡല്‍ഹി, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് വാരാന്ത്യത്തില്‍ എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നു എന്നതാണ് ഇവിടം സഞ്ചാരികളെ പ്രിയപ്പെട്ടതാക്കുന്നത്.

നൈനി തടാകം, ടിഫിന്‍ ടോപ്പ് ട്രക്കിങ്, സൂര്യോദയ-അസ്തമയ കാഴ്ചകള്‍ എന്നിങ്ങനെ പരിചയപ്പെടുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

7- കൊ‌ടൈക്കനാല്‍

ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊ‌ടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്ന് എന്നത് മാത്രമല്ല, കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലം കൂടിയാണ്. മനോഹരമായ തടാകങ്ങള്‍, പ്രകൃതിരമണീയമായ ട്രെക്കുകള്‍, കുന്നുകള്‍, അതിശയിപ്പിക്കുന്ന പൈന്‍ വനങ്ങള്‍, അതിശയകരമായ കാലാവസ്ഥ എന്നിങ്ങനെ ആകര്‍ഷണീയമായ കാര്യങ്ങള്‍ നിരവധിയുണ്ട് ഇവി‌ടെ ചെയ്യുവാന്‍.

8- ഉദയ്പൂര്‍

ത‌ടാകങ്ങള്‍ക്കും കൊ‌ട്ടാരങ്ങള്‍ക്കുമപ്പുറം ആരവല്ലി പര്‍വതനിരകളിലെ പച്ചപ്പ് നിറഞ്ഞ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഉദയ്പൂരിന് കാഴ്ചകളും കഥകളും ഏറെയുണ്ട് സന്ദര്‍ശകര്‍ക്കായി നല്കുവാന്‍. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിച്ചോല തടാകം ഉദയ്പൂരിന്റെ മകുടോദാഹരണമാണ്. നാല് കിലോമീറ്ററോളം പരന്നുകിടക്കുന്ന പിച്ചോള തടാകം വരണ്ട പ്രദേശത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്നതിനായി പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു കൃത്രിമ തടാകമാണ്.വാസ്തുവിദ്യയും ചരിത്രവും ഇഷ്ടപ്പെടുന്നവര്‍ക്ക്, കാണുവാനും പരിചയപ്പെടുവാനും ചരിത്രത്തിന്റ ഒരു ഭാഗമാകുവാനും നിരവധി അവസരങ്ങള് ഇവിടെയുണ്ട്. ഈ രാജകീയ നഗരത്തില്‍ ഒരു രാജകീയ യാത്രയ്ക്ക് നിരവധി അവസരങ്ങള്‍ ഓരോ സന്ദര്‍ശകര്‍ക്കുമുണ്ട്.

9-പുഷ്കര്‍

തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുമ്പോഴും കാലങ്ങളായി സഞ്ചാരികളു‌ടെയും ഹിപ്പികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് പുഷ്കര്‍. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ പുഷ്കര്‍ തടാകത്തെ ചുറ്റിപ്പറ്റിയാണ് ഇവിടം രൂപപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ജഗത്പിത ബ്രഹ്മ മന്ദിറാണ്. എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന പുഷ്കര്‍ ഒട്ടകമേള അല്ലെങ്കില്‍ പുഷ്കര്‍ കാ മേള എന്ന പേരില്‍ അറിയപ്പെടുന്ന ആയിരക്കണക്കിന് സഞ്ചാരികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഒന്നാണ് പുഷ്കർ

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us