ബെംഗളൂരു: 45-കാരന്റെ മനസ്സിൽ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായതോടെ സ്റ്റേഷനിൽനിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. യാത്ര അവസാനിച്ചപ്പോൾ 112 കിലോമീറ്റർ ദൂരം ആണ് അദ്ദേഹം പിന്നിട്ടത്. കർണാടകത്തിലെ ധാർവാഡ് ജില്ലയിലെ അന്നിഗേരി സ്വദേശിയും സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിൽ ട്രക്ക് ഡ്രൈവറുമായ നാഗപ്പ ഹദപാദ് ആണ് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പുമായി കടന്നുകളഞ്ഞത്.
നാഗപ്പ പോലീസ് ജീപ്പ് ഓടിക്കണമെന്ന മോഹവുമായി പലപ്പോഴും സ്റ്റേഷന് സമീപത്ത് ചുറ്റിക്കറങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ബുധനാഴ്ച പുലർച്ചെയാണ് അതിനുള്ള വഴി കിട്ടിയത്. താക്കോൽ ജീപ്പിൽതന്നെ ഉണ്ടായിരുന്നതും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഉറക്കത്തിലായിരുന്നതും കൊണ്ട് ഇയാൾ സ്റ്റേഷന് മുറ്റത്ത് നിർത്തിയിരുന്ന ജീപ്പുമായി കടന്നുകളയുകയായിരുന്നു.
രാവിലെ ആറുമണിയോടെ ഹവേരി ജില്ലയിലെ മൊട്ടേബെന്നൂരിലെത്തിയ നാഗപ്പ ജീപ്പ് റോഡരികിൽ നിർത്തി വണ്ടിക്കുള്ളിലിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുകയോ നാട്ടുകാരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുകയോ ചെയ്യാതായതോടെ സംശയം തോന്നിയ പ്രദേശവാസികൾ മൊട്ടേബെന്നൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
അന്നിഗേരി പോലീസെത്തി ഇയാളെ പിടിക്കുകയായിരുന്നു തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനം അന്നിഗേരി സ്റ്റേഷനിലേതാണെന്ന് കണ്ടെത്തുകയായിരുന്നു. താൻ ജീപ്പ് മോഷ്ടിച്ചതാണെന്ന് നാഗപ്പ സമ്മതിക്കുകയുംചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ധാർവാഡ് എസ്.പി. കൃഷ്ണകാന്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.