ബെംഗളൂരു: പ്രശസ്ത സാഹിത്യകാരൻ അന്തരിച്ച കെപി പൂർണചന്ദ്ര തേജസ്വിയുടെ ഭാര്യയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ രാജേശ്വരി തേജസ്വി ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽ അന്തരിച്ചു. രാഷ്ട്രകവി കുവെമ്പുവിന്റെ മരുമകളായ രാജേശ്വരി (84)യെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെ രാജലക്ഷ്മി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1937-ൽ ബെംഗളൂരുവിലെ കലാസിപാല്യയിൽ ജനിച്ച രാജേശ്വരി, പിതാവിന്റെ നിരന്തരമായ പിന്തുണയോടെ തത്ത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്സ്) ബിരുദവും അതിനുശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മൈസൂർ സർവ്വകലാശാലയിൽ വെച്ചാണ് രാജേശ്വരി പൂർണചന്ദ്ര തേജസ്വിയെ പരിചയപ്പെടുന്നത്. പിന്നീട് 1966ൽ തേജസ്വിയുടെ പിതാവ് രാഷ്ട്രകവി കുവെമ്പു ആരംഭിച്ച ‘മന്ത്ര മാംഗല്യ’ സങ്കൽപപ്രകാരം ഇരുവരും വിവാഹിതരായി. 2007ൽ ഭർത്താവിന്റെ മരണശേഷമാണ് രാജേശ്വരി എഴുതിത്തുടങ്ങിയത്
ഭർത്താവ് തേജസ്വിയെക്കുറിച്ചുള്ള ജീവചരിത്ര കൃതിയായ–‘നന്ന തേജസ്വി’ ആണ് അവരുടെ ആദ്യ പുസ്തകം. തുടർന്ന് ‘നമ്മ മനേഗു ബാ…’ എന്ന ഒരു ഓർമ്മക്കുറിപ്പും അവർ എഴുതിയിരുന്നു. ഭർത്താവ് പൂർണചന്ദ്ര തേജസ്വിയുടെ വിയോഗം മുതൽ ചിക്കമംഗളൂരു ഹാൻഡ്പോസ്റ്റിലെ ‘നിരുത്തറ’ എന്ന സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു രാജേശ്വരി താമസിച്ചിരുന്നത്.
രാജേശ്വരിയുടെ മൃതദേഹം ഏതാനും മണിക്കൂറുകൾ മകളുടെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുമെന്നും പിന്നീട് ആശുപത്രിയിലേക്ക് ദാനം ചെയ്യുമെന്നും കുടുംബാങ്കങ്ങൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.