ബെംഗളൂരു: നഗരത്തിൽ മഴക്കാലത്ത് കനാലുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നത് ഒഴിവാക്കാൻ ആധുനിക സംവിധാനവുമായി സംസ്ഥാന പ്രകൃതി ദുരന്ത നിവാരണകേന്ദ്രം.
കനാലുകൾ നിറഞ്ഞുകവിഞ്ഞ് വെള്ളപ്പൊ ക്കമുണ്ടാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്ന സെൻസറുകളാണ് സ്ഥാപിക്കുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സെൻസറുകൾ കനാലുകളിൽ അപകടമാംവിധം വെള്ളംപൊങ്ങിയാൽ ബി.ബി.എം.പി.ക്ക് മുന്നറിയിപ്പുനൽകും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ 28 സെൻസറുകൾ വിവിധ കനാലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വൃഷഭവതി, ഹെബ്ബാൾ, കോറമംഗല എന്നിവിടങ്ങളിലെ കനാലുകളിലാണ് സെൻസറുകൾ സ്ഥാപിച്ചത്.
നഗരത്തിൽ 209 വെള്ളപ്പൊക്ക സാധ്യതാ മേഖലകളുണ്ട്. അതിനാൽ കൂടുതൽ കനാലുകളിൽ സെൻസറുകൾ സ്ഥാപിക്കാനാണ് ശ്രമം.
സെൻസറുകൾ സ്ഥാപിക്കേണ്ട 105 സ്ഥലങ്ങൾ ബി.ബി.എം.പി.യും ദുരന്തനിവാരണകേന്ദ്രവും കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസത്തോടെ 105 സ്ഥലങ്ങളിലും സെൻസറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സെൻസറുകൾ വാങ്ങുന്നതിനായി ദുരന്തനിവാരണകേന്ദ്രം രണ്ടു കോടിയുടെ കരാർ ക്ഷണിച്ചിട്ടുണ്ട്. കനാലുകളിലെ വെള്ളം അപകടരേഖയിലെത്തുമ്പോൾ സെൻസറുകൾ മുന്നറിയിപ്പ് നൽകുമെന്ന് ദുരന്ത നിവാരണകേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പ് ലഭിക്കുന്നതോടെ ബി.ബി.എം.പി.ക്ക് പ്രത്യേക സംഘത്തെ സ്ഥലത്തേക്ക് അയച്ച് പ്രദേശവാസികളെ അപകടത്തിൽനിന്ന് രക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.