ബെംഗളൂരു: പരിശോധനകൾ നടത്താനുള്ള കുറഞ്ഞ എണ്ണം ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന് വേണ്ടി സാമ്പിളുകൾ ഉൾപ്പെടുത്താതെ തന്നെ പരിശോധനയ്ക്കു വേണ്ടി അയച്ചുകൊടുക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ ബൃഹത് ബെംഗളൂരു നഗരപാലിക യുടെ കൊടി ഗെഹള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ രണ്ടുപേരെ സസ്പെൻഡ് ചെയ്തു.
പരിശോധന സാമ്പിളുകൾ എടുക്കാതെയും ഉൾപ്പെടുത്താതെ യും ടെസ്റ്റ് ട്യൂബുകൾ നിറയ്ക്കുന്നതിന്റെ വീഡിയോ രംഗങ്ങൾ വൻ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബിബിഎംപിയുടെ ഉദ്യോഗസ്ഥർ അല്ലാത്ത, താൽക്കാലികമായി ഈ ചുമതല ചെയ്തുകൊണ്ടിരുന്ന രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ഹെൽത്ത് സെന്ററുകളും നടത്തേണ്ട പരിശോധനകളുടെ എണ്ണത്തിൽ വരുത്തിയ വൻവർധന, തെറ്റായ നടപടികൾക്ക് വഴിവച്ചിട്ടുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
അതുപോലെതന്നെ പരിശോധന സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും ഫലം പ്രസിദ്ധപ്പെടുത്താതെ പോയ ഒട്ടനവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇതും വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് എന്ന് ബിബിഎംപി ആരോഗ്യവിഭാഗം സ്പെഷ്യൽ കമ്മീഷണർ രാജേന്ദ്രചോളൻ അറിയിച്ചു.
നിലവിൽ അൻപതിനായിരത്തോളം പരിശോധനകളാണ് ഒരുദിവസം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുള്ള പ്രശ്നങ്ങൾക്കെല്ലാം ഫലപ്രദമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.