പിടികൂടുന്നവർക്കൊക്കെ കോവിഡ്, ഇതോടെ പോലീസുകാരും സമ്പർക്കവിലക്കിൽ!

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ കേസുകളിൽ അറസ്റ്റിലായ ഒട്ടേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പിടികൂടുന്ന പ്രതികളിൽ വലിയൊരു വിഭാഗവും കോവിഡ് പോസിറ്റീവാണ്.

ഇതോടെ ഇവരെ പിടികൂടിയ പോലീസുകാരും സമ്പർക്കവിലക്കിൽ പ്രവേശിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തേ ഗുരുതര കേസുകളിൽ മാത്രം അറസ്റ്റുമതിയെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായി.

ഇതോടെ കേസന്വേഷണവും പ്രതികളെ പിടികൂടലും സാധാരണ നിലയിലേക്ക് മാറി. പിടികൂടിയ ഉടനെ പ്രതികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാത്രമാണ് പുതിയ നിർദേശം. സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പോലീസുകാർ ഡ്യൂട്ടിയ്ക്കെത്തുന്നത്.

എന്നാൽ താഴെത്തട്ടിലുള്ള പോലീസുകാർക്ക് സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആൾത്തിരക്കേറിയ പ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാരാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ആയിരക്കണക്കിന് ആളുകളുമായാണ് ഇവർ നേരിട്ട് സമ്പർക്കത്തിൽ വരുന്നത്.

ട്രാഫിക് പോലീസുകാരും സമാനമായ പ്രതിസന്ധിയിലാണ്. പരാതി നൽകാൻ വരുന്നവരിൽനിന്ന് സ്റ്റേഷന് പുറത്ത് സജ്ജീകരിച്ച പ്രത്യേക കൗണ്ടറിലൂടെയാണ് പോലീസ് പരാതികൾ സ്വീകരിക്കുന്നത്. സമ്പർക്കം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ പൂർണതോതിൽ ഗുണകരമാകുന്നില്ലെന്നാണ് വിലയിരുത്തൽ.

പോലീസുകാർക്ക് കോവിഡ് ബാധിക്കുന്നത് ക്രമസമാധാന പാലനത്തെ ബാധിക്കുന്ന നിലയിലാണ്. നഗരത്തിലെ പല സ്റ്റേഷനുകളിലും ആവശ്യത്തിന് പോലീസുകാരില്ലെന്ന പരാതി നേരത്തേയുണ്ട്. പിടികൂടുന്ന പ്രതികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതോടെ ആശങ്കയിലാണ് പോലീസുകാർ. ഒരു സ്റ്റേഷനിലെ നാലും അഞ്ചും പോലീസുകാർ ഒന്നിച്ച് സമ്പർക്കവിലക്കിൽ പോകുമ്പോൾ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും താറുമാറാകുന്ന അവസ്ഥയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us