ബെംഗളൂരു: സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെട്ട ലഹരിമരുന്ന്കേസിൽ നിലവിൽ ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കാനിടയില്ലെന്നാണ് വിദഗ്ദാഭിപ്രായം. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വേണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽ റാണി എന്നിവർ ലഹരി ഉപയോഗിച്ചതിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രക്തസാംപിൾ, മൂത്രം, മുടി എന്നിവ പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്.
ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടിമാരുടെ മൊഴി. അതുകൊണ്ട് മെഡിക്കൽ പരിശോധനാ റിപ്പോർട്ട് വളരെ നിർണ്ണായകമാകും.
കേസിൽ അറസ്റ്റിലായ പത്തുപേരുടെ മൊബൈൽ കോളുകളും സന്ദേശങ്ങളും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റിനു മുൻപ് ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ലഹരി മരുന്നുകൾ കണ്ടെത്താനായില്ല.
അറസ്റ്റിലായവരുടെ മൊബൈൽ സന്ദേശങ്ങളിൽ നിന്ന് വിവരങ്ങൾ ചോർന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിച്ചയാളെന്ന് കരുതുന്ന ആഫ്രിക്കൻ വംശജനായ ലോം പെപ്പർ സാംബയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ, സഞ്ജന ഗൽ റാണിയുടെ സുഹൃത്ത് രാഹുൽ ഷെട്ടി എന്നിവരാണ് ലഹരിമരുന്ന് പാർട്ടികളിൽ എത്തിച്ചതെന്നതിനു തെളിവായി മൊബൈൽ കോളുകളും സന്ദേശങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുണ്ട്.
ലഹരിമരുന്ന് അടക്കമുള്ള ഭൗതിക തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. രാഗിണിക്കും സഞ്ജനക്കുമെതിരെ മയക്കുമരുന്ന് സംഭരണത്തിന് പ്രേരണ നൽകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.