നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം

ബെംഗളൂരു: നഗരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാപക ലഹരിമരുന്ന് വിതരണം. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കുടുങ്ങിയത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന ഒരു മലയാളിയും വിദേശികളുമടങ്ങുന്ന പതിനൊന്ന് പേർ.

കോഴിക്കോട് പറമ്പിൽബസാർ സ്വദേശി ഹരികൃഷ്ണനും ഇയാളോടൊപ്പം അറസ്റ്റിലായ മുഹമ്മദ് യാക്കൂബിൽനിന്ന് 15 ലക്ഷത്തിന്റെ മയക്കുമരുന്നു പിടിച്ചെടുത്തു. 482 ഗ്രാം എം. ഡി.എം.എ. ഗുളികളും നാല് ഗ്രാം കൊക്കെയ്നുമാണ് കണ്ടെടുത്തത്.

അറസ്റ്റിലായവരിൽ വിദേശികളും ആന്ധ്ര സ്വദേശികളുമുണ്ട്. ഇവരിൽനിന്ന് 1100 എൻ.എസ്.ഡി. സ്ട്രിപ്പുകൾ, 980 എം.ഡി.എം.എ. ഗുളികകൾ, 450 എം.ഡി.എം. എ. പൊടി, 25 ഗ്രാം ബ്രൗൺ ഷുഗർ, 48 കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

ആഫ്രിക്കൻ സ്വദേശികളാണ് വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ചത്. വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും ലഹരിമരുന്ന് എത്തിച്ചത്.

ഓൺലൈൻ ഡെലിവറി നടത്തുന്നവരിലൂടെയാണ് ആവശ്യക്കാർക്കുള്ള മയക്കുമരുന്ന് വിതരണം. റാപിഡോ, ഡുൻസൂ ഓൺ ലൈൻ ഡെലിവറി ജീവനക്കാരെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.

ഒരാൾക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് 40 രൂപയാണ് പ്രതിഫലം. മൂല്യംകൂടിയ ലഹരിമരുന്ന് എത്തിക്കുന്നവർക്ക് 500 രൂപവരെ പ്രതിഫലം ലഭിച്ചു.

അറസ്റ്റിലായവരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും മയക്കുമരുന്ന് ഉപയോഗിച്ചതിനുശേഷം വിതരണത്തിലേക്ക് കടന്നവരുമുണ്ട്. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡാർക്ക് വെബ്‌സൈറ്റ് വഴി ബിറ്റ്‌കോയിൻസ് ഉപയോഗിച്ചാണ് മരുന്നെത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിനടത്തിയ റെയ്ഡിൽ 90 ലക്ഷത്തിന്റെ മയക്കുമരുന്നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിഭാഗം പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us