മെട്രോ നിലച്ചിട്ട് അഞ്ച് മാസം; പ്രതീക്ഷയ്ക്ക് വകനൽകാതെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു

ബെംഗളൂരു: മെട്രോ സർവീസ് നിലച്ചിട്ട് അഞ്ച് മാസം; ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ആകെ നഷ്ടം 125 കോടി കവിഞ്ഞു.

മാസം ശരാശരി 25 കോടിരൂപയുടെ നഷ്ടമാണ് ബി.എം.ആർ.സി.എൽ. നേരിടുന്നത്. മാർച്ച് 22 മുതൽ മെട്രോ സർവീസ് പൂർണമായി നിർത്തിയിരിക്കുകയാണ്. എന്നുമുതൽ വീണ്ടും സർവീസ് തുടങ്ങാനാകുമെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളുമില്ല.

മെട്രോയുടെ പ്രധാന വരുമാനസ്രോതസ്സ് ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്ന തുകയാണ്. 1.5 കോടിയോളംരൂപ ദിവസം ടിക്കറ്റ് ഇനത്തിൽ വരുമാനമായും ലഭിച്ചിരുന്നു. ലോക്‌ഡൗണിന് മുമ്പ് ശരാശരി 4.5 ലക്ഷം യാത്രക്കാരാണ് ദിനംപ്രതി മെട്രോയെ ആശ്രയിച്ചിരുന്നത്.

സ്റ്റേഷനുകളിൽ പരസ്യം നൽകാൻ കമ്പനികളൊന്നും നിലവിൽ തയ്യാറല്ല. സർവീസ് തുടങ്ങിയതിനുശേഷംമാത്രം പരസ്യങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് പരസ്യകമ്പനികളുടെ നിലപാട്. ഓട്ടം നിലച്ചതോടെ പരസ്യത്തിൽനിന്നുള്ള വരുമാനവും പൂർണമായി നിലച്ചു.

യാത്രക്കാരുടെ വാഹനം നിർത്തിയിടുന്നതിന് പാർക്കിങ്ങ് ഫീസിനത്തിൽ പിരിച്ചിരുന്ന തുകയും പൂർണമായും നിലച്ചു. മെട്രോ സ്റ്റേഷനുകളോടുചേർന്ന് പ്രവർത്തിക്കുന്ന കടകളിൽ നിന്നുള്ള വാടകമാത്രമാണ് ഇപ്പോൾ മെട്രോ റെയിൽ കോർപ്പറേഷന്റെ ഏകവരുമാനം. പലതും പ്രവർത്തിക്കുന്നില്ലെങ്കിലും മുൻകൂർ കരാറുണ്ടാക്കിയതിനാൽ വാടക ലഭിക്കുന്നുണ്ട്.

പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ 3000-ത്തോളം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പളത്തിൽ 50 ശതമാനം കുറവ് വരുത്തിയത് ഈയിടെയാണ്. അതിനാൽ സമാനമായ നടപടിയായിരിക്കാം കൈക്കൊള്ളുക എന്ന ആശങ്കയിലാണ് ജീവനക്കാർ.

സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിൽ മെട്രോയുടെ സാമ്പത്തികസ്ഥിതി കൂടുതൽ പരിതാപകരമാകുമെന്നാണ് നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടുന്നത്. രണ്ടാംഘട്ടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഇതിനുവേണ്ടിയുള്ള തുകയും കണ്ടെത്തേണ്ട അവസ്ഥയിലാണ്.

വായ്പ തിരിച്ചടവിനും പരിപാലനത്തിനും ശമ്പളം നൽകാനുമായി ദിവസം 80 ലക്ഷംരൂപയാണ് കോർപ്പറേഷന് ചെലവ് വരുന്നത്. ഇക്കാര്യം ചുണ്ടിക്കാണിച്ച് കോർപ്പറേഷൻ നേരത്തേ സംസ്ഥാന- കേന്ദ്രസർക്കാരുകൾക്ക് കത്തുനൽകിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

അതേസമയം ശമ്പളം കുറച്ചാൽ മെട്രോ സർവീസ് തുടങ്ങിയാലും ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. സർക്കാർ നിർദേശമനുസരിച്ച് 700-ഓളം ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ശമ്പളം കുറയ്ക്കുന്ന സാഹചര്യമുണ്ടായാൽ ഇവരുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us