ബെംഗളൂരു: തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കുമെന്ന് തൊഴിൽമന്ത്രി ശിവറാം ഹെബ്ബാർ. ഗ്രാമീണമേഖലകളിൽനിന്നുൾപ്പെടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയറിയിച്ച് ഒട്ടേറെപ്പേരാണ് തൊഴിൽവകുപ്പുമായി ബന്ധപ്പെടുന്നത്.
ഇത്തരം ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടരുതെന്നും ശമ്പളം കുറയ്ക്കരുതെന്നും നേരത്തേയും സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, വീണ്ടും ആശങ്കളുയർന്നതോടെയാണ് തൊഴിൽവകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ജോലി നഷ്ടപ്പെടുമെന്നുമുള്ള വിവിധ ഫാക്ടറികളിലെയും കമ്പനികളിലെയും ജീവനക്കാരുടെയും ആശങ്കയ്ക്കിടെ ശക്തമായ നടപടിയാണ് കർണാടക തൊഴിൽവകുപ്പ് എടുത്തിരിക്കുന്നത്.
ലോക്ഡൗണിനെത്തുടർന്ന് ഓഫീസുകളിലെത്താൻകഴിയാത്ത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ലീവായി പരിഗണിച്ച് മുഴുവൻ ശമ്പളവും നൽകണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
ലോക്ഡൗണിന്റെപേരിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോചെയ്യുന്ന കമ്പനികൾക്കെതിരേ 2005-ലെ ദുരന്തനിവാരണനിയമമനുസരിച്ച് കേസെടുക്കുമെന്ന് തൊഴിൽവകുപ്പ് കമ്പനികൾക്ക് മുന്നറിയിപ്പുനൽകി. സർക്കാരുടമസ്ഥതയിലുള്ള കമ്പനികളിലെ കരാർ ജോലിക്കാർക്കും ഇതു ബാധകമാണ്.
ഈ കാലയളവിലെ തൊഴിൽസംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക ഹെൽപ് ഡെസ്ക് രൂപവത്കരിക്കാനും തീരുമാനമുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ഹെൽപ് ഡെസ്ക് നിലവിൽവരും. പരാതികൾ പരിശോധിച്ചതിനുശേഷം തൊഴിലുടമകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
നഗരത്തിലെ ഐ.ടി., ഐ.ടി. അനുബന്ധ കമ്പനികളിൽനിന്ന് 496 ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടതായി സി.ഐ.ടി.യു. ആരോപിച്ചിരുന്നു.