ബെംഗളൂരു:സംസ്ഥാനത്ത് എച്ച് 1 എൻ 1 പനിബാധിതരുടെ എണ്ണം കൂടിവരുന്നു. ഈവർഷം ജനുവരി 20 വരെ മാത്രം 40 പേർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും ബെംഗളൂരുവിന് സമീപപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) പരിധിയിൽമാത്രം 22 പേർക്ക് അസുഖം സ്ഥിരീകരിച്ചു. ബെംഗളൂരു അർബൻ, റൂറൽ എന്നിവിടങ്ങളിൽ രണ്ടു കേസുകൾവീതവും ഉഡുപ്പിയിൽ ഏഴും ശിവമോഗയിൽ ഒന്നും ദക്ഷിണ കന്നഡ, ദാവൻഗരെ എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് റിപ്പോർട്ട് ചെയ്തതെന്ന് കുടംബാരോഗ്യക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മരണം സംഭവിച്ചിട്ടില്ല.
കഴിഞ്ഞവർഷം സംസ്ഥാനത്ത് 2030 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 87 മരണം സംഭവിച്ചിരുന്നു. അസുഖങ്ങളിൽ പത്തു ശതമാനമേ ഗുരുതരമാകാറുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണഗതിയിൽ മധ്യവേനലവധി സമയത്താണ് എച്ച് 1 എൻ 1 കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എന്നാൽ ഇത്തവണ ജനുവരിയിൽതന്നെ കേസുകളുടെ എണ്ണം കൂടിയതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ചുമ, തുമ്മൽ, സംസാരം, വൈറസ് ബാധിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കുന്നത് എന്നിവ അസുഖം പകരുന്നതിന് കാരണമാകുന്നതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞവർഷം ബെംഗളൂരുവിൽ മാത്രം മുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പനിക്കെതിരായ വാക്സിനുകളും മരുന്നുകളും സംഭരിക്കാൻ ആശുപത്രികളോടും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സതേടുന്നവർ നിരവധിയാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്വയംചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷണങ്ങൾ
ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛർദി മുതലായവ
കരുതൽ വേണം
ജലദോഷം, പനി ഇവ പിടിപെട്ടാൽ സ്വയംചികിത്സ പാടില്ല. പനി ബാധിച്ചവരിൽനിന്ന് ഒരുകൈ അകലം പാലിക്കുക, ധാരാളം വെള്ളംകുടിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കുകയോ വായും മൂക്കും ടവ്വൽ ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യുക, പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.