സ്ഥലവും തീയതിയും രാഹുൽ ഗാന്ധിക്ക് തീരുമാനിക്കാം;പൗരത്വ ഭേദഗതി വിഷയത്തിൽ ചർച്ചക്ക് വെല്ലുവിളിച്ച് അമിത്ഷാ.

ഹുബ്ബള്ളി: പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു.

നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹുബ്ബള്ളിയിൽ സംഘടിപ്പിച്ച ജൻ ജാഗരൺ അഭിയാൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്ത് കളയുന്നതാണ് നിയമമെന്ന് തെളിയിക്കാൻ അമിത് ഷാ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. നിയമം പൂർണമായും വായിച്ചുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാൻ വകുപ്പുകളില്ല.

രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കുന്ന എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു.
നിയമത്തിനെതിരെ സംസാരിക്കുന്നവരോട് ഒന്ന് മാത്രമേ ചോദിക്കാനുള്ളു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് വന്ന ദളിതർക്കെതിരെ നിൽക്കുന്നതിൽ കൂടി നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിർക്കുന്നവർ ദളിത് വിരുദ്ധർ കൂടിയാണ്- അമിത് ഷാ പറഞ്ഞു.
പാകിസ്താനിൽ നിന്നും പീഡനമനുഭവിച്ച് വരുന്നവർക്ക് പൗരത്വം നൽകുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. ആദ്യത്തെ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ പറഞ്ഞു, ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ആചാര്യ കൃപലാനി, മൗലാന ആസാദ് തുടങ്ങിയവരൊക്കെ ഇത് പറഞ്ഞു. ഇവരൊക്കെ കോൺഗ്രസ് നേതാക്കളായിരുന്നു. ഇത്രയും കാലം നിങ്ങൾ വഗ്ദാനം പാലിച്ചില്ല. അത് പൂർത്തീകരിച്ചത് നരേന്ദ്രമോദിയാണ്.
പാകിസ്താനിൽ നിന്ന് വരുന്ന ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വവും ജോലിയും ജീവിക്കാനുള്ള സാഹചര്യവും നൽകേണ്ടത് ഭാരത സർക്കാരിന്റെ കർത്തവ്യമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പറഞ്ഞിരുന്നു.

കോൺഗ്രസ് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി, മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ, ജെഡിഎസ്, ബിഎസ്പി, സമാജ്വാദി പാർട്ടി എന്നിവർ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബിജെപി അത്തരമൊരു പാർട്ടിയല്ലെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് ഇരട്ട നിലപാടുള്ള പാർട്ടിയാണ്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് അവരെ ജയിപ്പിച്ചാൽ സ്വാതന്ത്ര്യത്തിന് ശേഷം എത്തിയവർക്ക് പൗരത്വം നൽകുമെന്നായിരുന്നു. എന്നാൽ വോട്ട്ബാങ്ക് നഷ്ടപ്പെടുമെന്ന ഭയംകൊണ്ട് അവർ വാക്ക് പാലിക്കാനുള്ള നടപടികളെടുക്കാൻ തയ്യാറായില്ലെന്നും അമിത് ഷാ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us