ബെംഗളൂരു:മൈസൂരു സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കശ്മീരിനെ സ്വതന്ത്രമാക്കുകയെന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡും.
സംഭവം വിവാദമായതോടെ ചാൻസലർ കൂടിയായ ഗവർണർ വാജുഭായ് വാല സർവകലാശാലാ അധികൃതരോട് വിശദീകരണമാവശ്യപ്പെട്ടു.
ജെ.എൻ.യു.വിൽ അക്രമത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബുധനാഴ്ച രാത്രി വിദ്യാർഥികൾ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനിടെയാണ് വിവാദ പ്ലക്കാർഡ് ഉയർന്നത്. സർവകലാശാലയിലെ ഗവേഷകവിദ്യാർഥികളുടെ അസോസിയേഷൻ, ബഹുജൻ വിദ്യാർഥി സംഘം, എസ്.എഫ്.ഐ, ദളിത് വിദ്യാർഥി സംഘടന, എ.ഐ.ഡി.എസ്.ഒ. എന്നിവർ ചേർന്നാണ് പ്രകടനം സംഘടിപ്പിച്ചത്.
സംഭവം വിവാദമായതോടെ വിദ്യാർഥിസംഘടനകളുടെ നേതാക്കൾക്ക് സർവകലാശാലാ രജിസ്ട്രാർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
പ്രകടനത്തിനിടെ ഒരു പെൺകുട്ടിയാണ് വിവാദമായ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചത്. ഈ പെൺകുട്ടി ആരാണെന്ന് വ്യക്തമായിട്ടില്ല. വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്ന് ചിലർ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി രജിസ്ട്രാർ പ്രൊഫ. ആർ. ശിവപ്പ പറഞ്ഞു. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് വിദ്യാർഥികൾ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ജയലക്ഷ്മിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘടനാനേതാക്കളുടെപേരിൽ രാജ്യദ്രോഹക്കുറ്റത്തിനുള്ള വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തതായി പോലീസ് കമ്മിഷണർ കെ.ടി. ബാലകൃഷ്ണ പറഞ്ഞു.
ജനുവരി ആറിന് മുംബൈയിൽ പ്രക്ഷോഭത്തിനിടെ ഒരു വനിത ‘ഫ്രീ കശ്മീർ’ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചത് വിവാദമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.