ഇന്ത്യയിലുടനീളം നടന്ന വിദ്യാർഥി പ്രതിഷേധം ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും!!

 

ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രതിഷേധം. ബ്രിട്ടനിലെയും യു.എസിലെയും പ്രമുഖ സർവകലാശാലകളിലും പ്രതിഷേധമുണ്ടായി.

ബാംഗ്ലൂർ സർവകലാശാല, ഐ.ഐ.എം. ബാംഗ്ലൂർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി സർവകലാശാല, ഹൈദരാബാദ് സർവകലാശാല, അലിഗഢ് മുസ്‌ലിം സർവകലാശാല, ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, ജാധവ്പുർ സർവകലാശാല, മുംബൈ സർവകലാശാല, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ, ഐ.ഐ.ടി. ബോംബെ, ഡോ. ബാബസാഹിബ് അംബേദ്കർ മറാത്‌വാഡ സർവകലാശാല, ഔറംഗാബാദ്, പട്‌ന സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

“ഇന്ന് അവർക്കാണിതു സംഭവിച്ചത്. നാളെ അക്രമത്തിന്റെ ഇര ഞങ്ങളാവാം. ഏതുരൂപത്തിലുള്ള അക്രമവും അപലപനീയമാണ്. ജെ.എൻ.യു.വിലെ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു” -പുതുച്ചേരി സർവകലാശാല വിദ്യാർഥി റൈസ പറഞ്ഞു.

ബ്രിട്ടീഷ് സർവകലാശാലകളായ, ഓക്സ്ഫഡ്, സസക്സ് എന്നിവിടങ്ങളിലും അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലും വിദ്യാർഥികൾ മൗനജാഥ നടത്തി. കാമ്പസുകളിൽ സുരക്ഷവേണമെന്ന പോസ്റ്ററുകളുമേന്തിയായിരുന്നു ജാഥ.

കാഠ്മണ്ഡുവിലുള്ള മൈതിഘർ മണ്ഡലയിൽ ജെ.എൻ.യു.വിൽ പഠിച്ച നേപ്പാളികൾ ഒത്തുകൂടി അക്രമത്തെ അപലപിച്ചു. ജെ.എൻ.യു.വിൽ ആക്രമണത്തിനിരയായ വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്മുംബൈയിലെ വിദ്യാർഥികൾ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഒത്തുകൂടി.

മഹാരാഷ്ട്രയിലെ എൻ.സി.പി. മന്ത്രി ജിതേന്ദ്ര അവ്ഹദ് വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നു. “ജനങ്ങൾ ബുദ്ധിശക്തിയെ ഭയക്കുമ്പോൾ അരാജകത്വമുണ്ടാകുന്നു”വെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാണ സ്പീക്കർ ജാൻ ചന്ദ് ഗുപ്തയുടെ പ്രസംഗം പഞ്ചാബ് സർവലാശാലാ വിദ്യാർഥികൾ തടസ്സപ്പെടുത്തി. ബാനറുകളുമായെത്തിയ ഇടതുസംഘടനകളിലെ വിദ്യാർഥികളാണ് ബി.ജെ.പി.ക്കും ആർ.എസ്.എസിനും എ.ബി.വി.പി.ക്കുമെതിരായ മുദ്രാവാക്യങ്ങൾ മുഴക്കി സ്പീക്കറുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമബംഗാളിലെ ജാധവ്പുർ സർവകലാശാലയിലെ ഐസ, എസ്.എഫ്.ഐ. സംഘടനകളിൽപ്പെട്ട വിദ്യാർഥികൾ കൊൽക്കത്തയിലെ മണിക്‌ടാലയിലുള്ള എ.ബി.വി.പി. സംസ്ഥാന ഓഫീസിലേക്ക്‌ മാർച്ച് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us