ബെംഗളൂരു: റോഡുകളിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇതു പരിഹരിക്കാനായി പ്രധാനറോഡുകളിൽ സ്മാർട്ട് പാർക്കിങ് സംവിധാനങ്ങളൊരുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ബെംഗളൂരു കോർപ്പറേഷൻ.
മൊബൈൽ ആപ്പിലൂടെ വാഹനം നിർത്താനുള്ള സൗകര്യം കണ്ടെത്താനുള്ള സംവിധാനമുൾപ്പെടെ ഇത്തരം പാർക്കിങ് കേന്ദ്രങ്ങളിലുണ്ടാകും. ആദ്യഘട്ടത്തിൽ കസ്തൂർബ റോഡിലാണ് പദ്ധതി നടപ്പാക്കുക.
15-ന് പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് പാർക്കിങ് തുടങ്ങും. ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ നഗരത്തിലെ 85 റോഡുകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കാത്ത രീതിയിൽ റോഡിലെ വീതിയേറിയ പ്രദേശങ്ങളിലും ഒഴിഞ്ഞ ഇടറോഡുകളിലും വാഹനംനിർത്താൻ സൗകര്യമൊരുക്കിയാണ് സ്മാർട്ട്പാർക്കിങ് സംവിധാനം തയ്യാറാക്കുന്നത്.
വിദഗ്ധർ ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയാണ് ഇത്തരം കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നത്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിർത്താൻ സ്ഥലം പ്രത്യേകം വേർതിരിച്ച് നൽകും. എവിടെയാണ് ഒഴിവുള്ളതെന്നും എത്ര വാഹനങ്ങൾക്കാണ് നിർത്താനുള്ള സൗകര്യമുള്ളതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പാർക്കിങ് സ്ഥലത്തോടുചേർന്നുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കും.
മൊബൈൽ ആപ്പിലും ഈ വിവരങ്ങൾ ലഭിക്കും. നിശ്ചിത തുക ഈടാക്കിയാണ് പാർക്കിങ്ങിന് അനുമതിനൽകുക. ആപ്പിലൂടെയോ നേരിട്ടോ ഈ തുക അടയ്ക്കാം. സ്വകാര്യസംരംഭകരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കരാറെടുത്ത സ്വകാര്യകമ്പനി പ്രതിമാസം 31 കോടിരൂപ കോർപ്പറേഷന് നൽകണം. വാഹനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന തുക സ്വകാര്യ കമ്പനിക്ക് ലഭിക്കും.
എം.ജി. റോഡ്, മെജസ്റ്റിക്, മൈസൂരു റോഡ്, ബ്രിഗ്രേഡ് റോഡ്, റിച്ച്മണ്ട് റോഡ്, ശാന്തിനഗർ മെയിൻറോഡ്, ഇന്ദിരാനഗർ ഹണ്ട്രഡ് ഫീറ്റ് റോഡ്, കോറമംഗല എന്നിവിടങ്ങളുൾപ്പെടെ പ്രധാന റോഡുകളാണ് പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.
മതിയായ സ്ഥലസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുത്ത് പാർക്കിങ്ങിനുവേണ്ടി ഉപയോഗിക്കും. പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നതോടെ 3500 കാറുകൾക്കും 10,000-ത്തോളം ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് സൗകര്യം ലഭ്യമാകും.
പാർക്കിങ് കേന്ദ്രങ്ങളെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് വാഹനങ്ങളിൽ നിന്ന് ചാർജ് ഈടാക്കുന്നത്. ഏറ്റവും തിരക്കേറിയ എ. വിഭാഗം പാർക്കിങ് കേന്ദ്രങ്ങളിൽ കാറുകൾക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 15 രൂപയുമാണ് ഈടാക്കുക.
ബി. വിഭാഗം കേന്ദ്രങ്ങളിൽ കാറുകൾക്ക് 20 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും ഈടാക്കും. 15, അഞ്ചുരൂപവീതമാണ് സി. വിഭാഗത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഈടാക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.