ബെംഗളൂരു: ബനശങ്കരിയിൽ രണ്ടംഗസംഘം മലയാളി യുവാവിനെ കബളിപ്പിച്ച് 2.54 ലക്ഷം രൂപ കവർന്നു. രാമമൂർത്തി നഗർ ജെയ് അപ്പാരൽസ് ജീവനക്കാരൻ അമൽ വിൻസെന്റ് (22) ആണ് കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച ബനശങ്കരി സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് സംഭവം. കമ്പനിയുടെ ചെക്ക് മാറി പണമാക്കാനാണ് അമൽ ബാങ്കിലെത്തിയത്. പണമടങ്ങിയ ബാഗുമായി തിരിച്ചിറങ്ങിയ അമലിന്റെ വസ്ത്രത്തിൽ ചെളി പറ്റിയിരിക്കുന്നുവെന്ന് പറഞ്ഞ് ഒരാൾ സമീപിക്കുകയായിരുന്നു.
വസ്ത്രത്തിൽ പറ്റിയ ചെളി കളയാൻ ഇയാൾ തന്നെ കുപ്പിയിൽ വെള്ളവും നൽകി. ഇതോടെ തോളിലിരുന്ന ബാഗ് വാഹനത്തിനുമുകളിൽ വെച്ച് യുവാവ് വസ്ത്രം കഴുകാൻ തിരിഞ്ഞു. ഇതിനിടെ ഇയാൾ ബാഗുമെടുത്ത് ഇരുചക്ര വാഹനത്തിൽ കാത്തുനിന്നിരുന്നയാൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ അമൽ തൊഴിലുടമയുമായി ബന്ധപ്പെട്ട് ബനശങ്കരി പോലീസിൽ പരാതി നൽകി. പോലീസ് സംഭവസ്ഥലത്തെത്തി സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. നേരത്തേ കലാശിപാളയയിൽ ഉൾപ്പെടെ സമാനമായ ഒട്ടേറെ കവർച്ചകൾ നടന്നിരുന്നു.
വസ്ത്രത്തിൽ അഴുക്കുപുരണ്ടെന്ന് പറഞ്ഞ് ശ്രദ്ധതിരിച്ചാണ് ഇവർ പണം കബളിപ്പിക്കുന്നത്. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നുള്ള ആരോപണവും ശക്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.