ബെംഗളൂരു: ഡെപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ രാജിവെച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബി.ജെ.പി.ക്കെതിരേ ആരോപണമുന്നയിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരിൽനിന്നുള്ള സമ്മർദം കാരണമാണ് ശശികാന്ത് രാജിവെച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിലിരിക്കുമ്പോൾ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുകയാണ്. അതുകാരണമാണ് ശശികാന്ത് സെന്തിൽ രാജിവെച്ചതെന്ന് കോൺഗ്രസ് എം.എൽ.സി. ഇവാൻ ഡിസൂസ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ശശികാന്ത് സെന്തിൽ വിശദീകരണം നൽകിയെങ്കിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി. സർക്കാരിനെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. പാർട്ടി കൊടികളുമായി ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
2017 ഡിസംബർ മുതൽ ശശികാന്ത് സെന്തിൽ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണറായി പ്രവർത്തിച്ചുവരികയായിരുന്നു. നേരത്തേ ബല്ലാരി അസിസ്റ്റന്റ് കമ്മിഷണർ, ശിവമൊഗ ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, ചിത്രദുർഗ, റായ്ച്ചൂർ ഡെപ്യൂട്ടി കമ്മിഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണറാകുന്നതിനുമുമ്പ് മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.
നിലവിലെ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയിൽ പ്രതിഷേധിച്ച് ഐ.എ.എസുകാരായ ജമ്മുകശ്മീർ കളക്ടർ ഷാഹ് ഫലസും ദാദ്ര നഗർ ഹാവേലി കളക്ടറും മലയാളിയുമായ കണ്ണൻ ഗോപിനാഥനും ജോലിയിൽനിന്ന് രാജിവെച്ചിരുന്നു.
രാജ്യത്തിന്റെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ ഓരോ കാര്യവും അട്ടിമറിക്കപ്പെടുമ്പോൾ ഈ ഭരണകൂടത്തിന്റെ ഭാഗമായി സേവനം നടത്താൻ ധാർമികബോധം അനുവദിക്കുന്നില്ലെന്ന് ശശികാന്ത് സെന്തിൽ രാജിക്കത്തിൽ പറയുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.